വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാമത് ബാച്ച് സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി. പരേഡിന് ഡോ.എ. സമ്പത്ത് എം.പി അഭിവാദ്യം സ്വീകരിച്ചു. പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി നിർദ്ദനനായ ഒരു സഹപാഠിയുടെ ഒരു വർഷത്തെ മുഴുവൻ പഠനച്ചെലവും വിദ്യാർത്ഥികൾ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി പത്താം ക്ലാസിലേക്കാവശ്യമായ പാഠ പുസ്തകങ്ങൾ, ബാഗ്, നോട്ട് ബുക്സ്, ടിഫിൻ സെറ്റ്, കുട തുടങ്ങിയ പഠന കിറ്റ് വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് ജ്യോതിഷ് ജലന് കൈമാറി. പാസിംഗ് ഔട്ട് പരേഡിൽ തിരുവനന്തപുരം ജില്ലാ അസി. നോഡൽ ഓഫീസർ. അനിൽ കുമാർ, ശ്രീജിത്ത്, വിവിധ സ്ഥാപന മേധാവികൾ, രക്ഷിതാക്കൾ, അധ്യാപകർ, പി.ടി.എ.അംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ലഹരിക്കെതിരെ ബോധവത്കരണം, സ്കൂൾ വളപ്പിൽ വിവിധ കൃഷികൾ, പൊലീസുമായി സഹകരിച്ച് പൊലീസ് സ്റ്റേഷൻ വളപ്പിൽ മത്സ്യകൃഷി, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ട്രാഫിക് ബോധവത്കരണം തുടങ്ങി ഒട്ടേറ പദ്ധതികൾ കുട്ടിപൊലീസ് നടപ്പിലാക്കുകയും അനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കമ്മൂണിറ്റി പൊലീസ് ഒാഫീസർ അൻവറാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. വിതുര പൊലീസ് സ്റ്റേഷനിലെ എസ്.എെ വി. നിജാമും എ.എസ്.എെ വിനോദും സ്റ്റുഡന്റ്സ് പൊലീസിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.