തിരുവനന്തപുരം: എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസുകളുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി മധു മാത്തനെ നിയമിച്ചു. നാല് വർഷത്തോളം ഫാർമസ്യൂട്ടിക്കൽ രംഗത്ത് പ്രവർത്തിച്ച മധു 1992ലാണ് എയർ ഇന്ത്യയിലെത്തുന്നത്. റീജിയണൽ സെയിൽസ് മാനേജർ, റീജിയണൽ മാനേജർ തുടങ്ങിയ നിലയിൽ പ്രവർത്തിച്ച മധു മാത്തൻ ആസ്ട്രേലിയയിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസുകളിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
മാർക്കറ്റിംഗ് ജനറൽ മാനേജരായി സേവനം അനുഷ്ഠിച്ച കാലത്താണ് എയർ ഇന്ത്യ സ്റ്രോക്ക്ഹോം, കോപ്പൻഹേഗൻ, ടെൽ അവീവ് തുടങ്ങിയ ഇടങ്ങളിലേക്ക് സർവീസ് ആരംഭിച്ചത്.
ഇന്ത്യൻ സബ്കോണ്ടിനന്റൽ എയർലൈനിൽ നിന്ന് ഐ.എ.ടി.എ പാസഞ്ചർ സ്റ്റിയറിംഗ് ഗ്രൂപ്പിലെ അപക്സ് അഡ്വൈസറി ബോഡിയിൽ അംഗമായ ഏകയാൾ മധുവാണ്. കോഴഞ്ചേരി ചിറകരോട്ട് ഹൗസിൽ പരേതരായ സി.എം. മാത്യൂവിന്റെയും ലീല മാത്യൂവിന്റെയും മകനായ മധു തിരുവനന്തപുരം ലയോള സ്കൂൾ, ഗവ. ആർട്ട്സ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.