മാഡ്രിഡ് : കഴിഞ്ഞ രാത്രി ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു എങ്കിൽ ഇന്നലെയത് ലയണൽ മെസിയുടേതായിരുന്നു. ടൂറിനിൽ ഹാട്രിക്കുമായി നിറഞ്ഞാടി ക്രിസ്റ്റ്യാനോ യുവന്റസിനെ ഒറ്റയ്ക്ക് ക്വാർട്ടറിലേക്ക് പുഷ്പംപോലെ കൈപിടിച്ചിറക്കിയപ്പോൾ ബാഴ്സലോണയെ മെസി മുന്നിൽനിന്ന് നയിച്ച് അവസാന എട്ടിലെത്തിച്ചു. ഒപ്പം ഇംഗ്ളീഷ് ഫുട്ബാളിലെ ചുവപ്പ് ശക്തികളായ ലിവർപൂൾ ജർമ്മൻ ചാമ്പ്യൻക്ളബ് ബയേൺ മ്യൂണിക്കിനെ രണ്ടാംപാദത്തിൽ 3-1ന് മറികടന്ന് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഇൗ സീസണിലെ ക്വാർട്ടർ പട്ടിക പൂർത്തിയാക്കി.
ആദ്യപാദത്തിൽ ഗോൾ രഹിതമായി സമാപിച്ചിരുന്ന പ്രീക്വാർട്ടർ ഫൈനലുകൾക്കാണ് ഇന്നലെ ബാഴ്സലോണയും ലിവർപൂളും ഗോളുകൾ കൊണ്ട് അമ്മാനമാടി ഉത്തരം നൽകിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ 5-1 എന്ന സ്കോറിനാണ് ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെ മുട്ടുകുത്തിച്ചത്. ഇതിൽ രണ്ടെണ്ണം മെസിയുടെ വകയായിരുന്നു. അതിലൊന്ന് പെനാൽറ്റിയിൽ നിന്നും കുടീഞ്ഞോ, പിക്വെ, ഒസാമ ഡെംബലെ എന്നിവരും ബാഴ്സലോണയ്ക്കായി സ്കോർ ചെയ്തു. ടൗസാർട്ടിന്റെ ആശ്വാസഗോളിൽ ലിയോണിന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് വിരാമമായി.
12
തുടർച്ചയായ 12-ാം സീസണിലാണ് ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്.
ആൻഫീൽഡിൽ നടന്ന ആദ്യപാദത്തിൽ ഗോളില്ലാതെ മടങ്ങിയ ബയേണിനെ രണ്ടാംപാദത്തിൽ അവരുടെ തട്ടകത്തിൽ ചെന്നാണ് ലിവർപൂൾ കീഴടക്കിയത്. അതും ജർമ്മൻകാരനായ പരിശീലകൻ യൂർഗൻ ക്ളോപ്പിന്റെ സഹായത്തോടെ. രണ്ട് ഗോളുകൾ നേടിയ സാഡിയോ മാനേയും ഒരു ഗോൾ നേടിയ വാൻഡിക്കുമാണ് ലിവർപൂളിന്റെ സ്കോറർമാർ. ലിവർപൂളിന്റെ വലയിൽ വീണത് മാറ്റിപ്പിന്റെ സെൽഫ് ഗോളായിരുന്നു.
5-1
. 17-ാം മിനിട്ടിൽ സുവാരേസിനെ ബോക്സിനുള്ളിൽ ഡെനായർ വീഴ്ത്തിയതിന് റഫറി അനുവദിച്ച പെനാൽറ്റി മനോഹരമായൊരു പനേങ്ക കിക്കിലൂടെ മെസി ഗോളാക്കുന്നു.
. 31-ാം മിനിട്ടിൽ സുവാരേസിന്റെ പാസിൽനിന്ന് കുടീഞ്ഞോ ബാഴ്സലോണയുടെ രണ്ടാം ഗോൾ നേടി.
. 58-ാം മിനിട്ടിൽ ടൗസാർട്ടിലൂടെ ലിയോൺ ഗോൾ നേടുന്നു. സ്കോർ 2-1
78-ാം മിനിട്ടിൽ ലിയോൺ പ്രതിരോധത്തെ മനോഹരമായി കബളിപ്പിച്ച് മെസി ബാഴ്സയുടെ ലീഡുയർത്തി.
. 81-ാം മിനിട്ടിൽ പിക്വെയുടെ വക നാലാം ഗോൾ.
. 87-ാം മിനിട്ടിൽ മെസി മെനഞ്ഞ ഒരു സുവർണാവസരം ഡെംബെലെ ബാഴ്സയുടെ അഞ്ചാം ഗോളാക്കിമാറ്റി.
63
ബാഴ്സലോണയുടെ തട്ടകമായ നൗകാംപിൽ നടന്ന 61 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽനിന്ന് മെസി നേടിയിരിക്കുന്നത് 63 ഗോളുകളാണ്.
30
ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലാണ് നൗകാംപിൽ ബാഴ്സ തുടർച്ചയായി തോൽവി അറിയാതിരിക്കുന്നത്.
3-1
. ബയേണിന്റെ തട്ടകമായ അലിയൻസ് അരീനയിൽ 26-ാം മിനിട്ടിൽ സാഡിയോ മാനേയിലൂടെയാണ് ലിവർ പൂൾ സ്കോറിംഗ് തുടങ്ങിയത്.
. 39-ാം മിനിട്ടിൽ ബയേൺ മുന്നേറ്റത്തിന്റെ ഒരു ശ്രമം തടുക്കാനുള്ള ശ്രമത്തിനിടെ ജോയൽ മാറ്റിപ്പ് സ്വന്തം വലയിലേക്ക് പന്ത് തട്ടിയിട്ടു.
69-ാം മിനിട്ടിൽ ഒരു കോർണർ ഹെഡ് ചെയ്ത് വലയിലാക്കി ഹൻഡിക് ലിവർപൂളിന് ലീഡ് വീണ്ടെടുത്തുനൽകി.
84-ാം മിനിട്ടിൽ തന്റെ രണ്ടാം ഗോളോടെ സാഡിയോ മാനേ പട്ടിക പൂർത്തിയാക്കി.
2008/09
സീസണിന് ശേഷം ആദ്യമായാണ് നാല് ഇംഗ്ളീഷ് ക്ളബുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടൻഹാം-ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുന്നത്.
2010/11
സീസണിന് ശേഷം ആദ്യമായാണ് ബയേൺ ക്വാർട്ടർ കടക്കാതെ മടങ്ങുന്നത്.
7
ലിവർപൂളിന്റെ ചരിത്രത്തിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ എവേ ഗോളുകൾ നേടുന്ന താരമായി സാഡിയോ മാനേ.
ക്വാർട്ടറിലെത്തിയവർ
1. യുവന്റസ്
2. ബാഴ്സലോണ
3. മാഞ്ചസ്റ്റർ യുണൈറ്റഡ്
4. ലിവർപൂൾ
5. മാഞ്ചസ്റ്റർ സിറ്റി
6. ടോട്ടൻഹാം
7. അയാക്സ്
8. പോർട്ടോ
ഫിക്സ്ചർ ഇന്ന്
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഫിക്‌സ്ചർ തയ്യാറാക്കാനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും.
അത്‌ലറ്റിക്കോയ്ക്കെതിരെ ക്രിസ്റ്റ്യാനോയുടെ പ്രകടനം ശരിക്കും മാജിക്കായിരുന്നു. യുവന്റസും ക്രിസ്റ്റ്യാനോയും ശരിക്കും അടിപൊളിയാണ്.
മെസി ലിയോണിനെതിരായ
മത്സരശേഷം പറഞ്ഞത്.