karamana-murder
തിരുവനന്തപുരം കരമനയിൽ നിന്നും തട്ടികൊണ്ടുപ്പോയ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളായ കിരൺകൃഷ്ണൻ , മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് തെളിവെടുപ്പിനായി കൊലപാതകം നടത്തിയ നീറമൺകരയിലെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്കു കൊണ്ടുപോകുമ്പോൾ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) കരമന തളിയലിൽനിന്ന് ‌തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിൽ ഉൾപ്പെട്ട 13 പേരിൽ 5 പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്ന്‌ സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു. കൊഞ്ചിറവിള സ്വദേശികളായ കിരൺകൃഷ്ണൻ, മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ. പ്രതികളെല്ലാം 25 വയസിൽ താഴെയുള്ളവരാണ്.

കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെങ്കിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം നിലനിന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇരു സംഘങ്ങൾക്കെതിരെയും നിരവധി കേസുകൾ നിലവിലുണ്ട്. കൊലപാതകത്തിന്റെ ചില ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതികളിൽ ചിലരുടെ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ ക്രൂരമായി കൊലനടത്തിയ പ്രതികൾ അനന്തു ജീവനുവേണ്ടി പിടഞ്ഞ് നിലവിളിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഇവർ പ്രധാനമായും ഉപയോഗിക്കുന്നത് കഞ്ചാവാണെങ്കിലും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് ‌വ്യക്തമായിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രതികൾ സ്ഥിരമായി ഉപയോഗിച്ചുവന്ന സ്ഥലത്താണ് കൊലപാതകവും നടത്തിയത്.

സംഭവസ്ഥലത്ത് തെളിവെടുത്തു

ഇന്നലെ വൈകിട്ട് പ്രതികളെ മൃതദേഹം കണ്ടെത്തിയ നീറമൺകര ദേശീയ പാതയ്ക്കു സമീപമുള്ള ആർ.ടി.ടി.സി - ബി.എസ്.എൻ.എൽ പുറമ്പോക്ക് ഭൂമിയിലെത്തിച്ച് തെളിവെടുത്തു. അനന്തുവിനെ മർദ്ദിച്ച് അവശനാക്കി കിടത്തിയ സ്ഥലവും കൊലപാതകം നടത്തിയ രീതിയും പ്രതികൾ പൊലീസിനോട് വിശദീകരിച്ചു. അന്വേഷണച്ചുമതലയുള്ള ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ചൊവ്വാഴ്ച വൈകിട്ടാണ് അനന്തുവിനെ കരമന തളിയൽ അരശുംമൂട് ജംഗ്ഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തി.

പൊലീസിന് വീഴ്ചയില്ല: കമ്മിഷണർ

യുവാവിനെ കാണാതായെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിൻ പറഞ്ഞു. പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിവരെ അന്വേഷിച്ചു. അന്വേഷണം ശരിയായ ദിശയിൽ ആയതുകൊണ്ടാണ് പ്രതികളെ ഉടൻ പിടിക്കാൻ സാധിച്ചത്. മനുഷ്യാവകാശ കമ്മിഷനെ ഇക്കാര്യങ്ങൾ ബോധിപ്പിക്കും. അന്വേഷണം വൈകിയെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.