c-p-john-

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഷ്ട്രീയ പാർട്ടികളെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി സെൻഷ്വർ ചെയ്യാൻ ഒരു ഇലക്ടറൽ ഓഫീസറെയും ജനപ്രാതിനിധ്യ നിയമം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രചരണത്തിൽ ഒരു വിഷയം പറയരുതെന്ന് പറയാനുള്ള അവകാശം ആർക്കുമില്ല. കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ആ പാർട്ടിക്കാണ്. യു.ഡി.എഫിന്റെ കരുത്താണ് കേരളാ കോൺഗ്രസ്-എം. അവർ മുന്നണിയിൽ നിന്ന് വിട്ടുനിന്നപ്പോൾ വിഷമമുണ്ടായി. ആ പാർട്ടി തിരിച്ചുവന്നത് മദ്ധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ചും വലിയ തോതിൽ ശക്തി വർദ്ധിപ്പിക്കും.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കി മതേതരഭരണം സ്ഥാപിക്കാൻ കേരളത്തിൽ യു.ഡി.എഫിനെ പിന്താങ്ങണം. കേരള ഭരണത്തിൽ ജീവനും സ്വത്തിനും രക്ഷയില്ല. പിണറായി വിജയെന്റ ജീവൻ രക്ഷിക്കാൻ മാത്രമാണ് പൊലീസിന്റെ മുൻഗണന. സി.എം.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ അർഹതയുണ്ടെങ്കിലും അവകാശവാദം ഉന്നയിക്കുന്നില്ല. പകരം രാജ്യസഭാ സീറ്റിന് പരിഗണിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. നിയമസഭയിൽ മൂന്ന് സീറ്റ് പുനഃസ്ഥാപിക്കണമെന്ന് എഴുതിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.