sandeep-warrier
sandeep warrier

തിരുവനന്തപുരം : പരിക്കേറ്റ കമലേഷ് നാഗർകോട്ടിക് പകരം ഐ.പി.എൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കേരളത്തിന്റെ പേസ് ബൗളർ സന്ദീപ് വാര്യരെ ടീമിലെടുത്തു. ഡിസംബറിൽ നടന്ന താരലേലത്തിൽ 20 ലക്ഷം രൂപ വിലയിട്ടിരുന്ന സന്ദീപിന് ഒരു ടീമിലേക്കും സെലക്ഷൻ ലഭിച്ചിരുന്നില്ല. 27 കാരനായ സന്ദീപ് ഇന്നലെ കൊൽക്കത്തയിലെ നൈറ്റ് റൈഡേഴ്സിന്റെ ക്യാമ്പിൽ ജോയിൻ ചെയ്തു. സന്ദീപിന്റെ പ്രതിഫലത്തുക ക്ളബ് വ്യക്തമാക്കിയിട്ടില്ല.

ചരിത്രത്തിലാദ്യമായി കേരളത്തെ രഞ്ജി ട്രോഫിയിൽ ഇക്കുറി സെമി ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒരാളാണ് സന്ദീപ്.

44

‌വിക്കറ്റുകളാണ് സന്ദീപ് ഇൗ രഞ്ജി ട്രോഫി സീസണിലെ പത്ത് മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത്. ആറ് വർഷമായി രഞ്ജി കളിക്കുന്ന സന്ദീപിന്റെ കരിയറിലെ മികച്ച പ്രകടനമായിരുന്നു ഇത്.

8

വിക്കറ്റുകൾ ഇക്കഴിഞ്ഞ സെയ്ദ് മുഷ്‌താഖ് അലി ട്വന്റി 20 ടൂർണമെന്റിൽനിന്നും സന്ദീപ് സ്വന്തമാക്കിയിരുന്നു. ഒരു ഹാട്രിക് ഉൾപ്പെടെയായിരുന്നു ഇൗ നേട്ടം.

രണ്ടാമൂഴം

സന്ദീപിനെ ടീമിലെടുക്കുന്ന രണ്ടാമത്തെ ഐ.പി.എൽ ഫ്രാഞ്ചൈസിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 2013 മുതൽ 2015 വരെയുള്ള മൂന്ന് സീസണുകളിൽ സന്ദീപ് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് സംഘത്തിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഒരു മത്സരത്തിൽപോലും കളിക്കാൻ അവസരം ലഭിച്ചില്ല.

ആറാമൻ

ഇൗ സീസണിൽ ഐ.പി.എൽ ടീമുകളിൽ എത്തുന്ന ആറാമത്തെ മലയാളിതാരമാണ് സന്ദീപ്.

സഞ്ജു സാംസൺ, മിഥുൻ എസ്. (രാജസ്ഥാൻ റോയൽസ്), ജലജ് സക്‌സേന (ഡൽഹി), ബേസിൽ തമ്പി (ഹൈദരാബാദ്), എം. ആസിഫ് (ചെന്നൈ സൂപ്പർ കിംഗ്സ്) എന്നിവരാണ് മറ്റ് മലയാളി ഐ.പി.എൽ താരങ്ങൾ.

ഇൗമാസം 23 നാണ് 12-ാം സീസൺ ഐ.പി.എല്ലിന് തുടക്കമാകുന്നത്.

12

വിക്കറ്റുകൾ നേടി ഇൗ സീസണിലെ വിജയ് ഹസാരേ ട്രോഫിയിലും കേരളത്തിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നത് സന്ദീപാണ്.

തൃശൂർ സ്വദേശിയായ സന്ദീപ് വലംകയ്യൻ മീഡിയം പേസറാണ്.

46 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ കേരളത്തിനായി കളിച്ചു. 153 വിക്കറ്റുകൾ നേടിയിട്ടുണ്ട്.