തിരുവനന്തപുരം:സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത് തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പാലക്കാട് പുത്തൂർ സ്വദേശി പ്രവീൺ ബാലചന്ദ്രനെ (33) കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. നിയമന ഉത്തരവുകളും സർക്കാർ സർക്കുലറുകളും വകുപ്പ് മേധാവികളുടെ ലെറ്റർ ഹെഡുകളും വ്യാജമായി നിർമ്മിച്ച് വകുപ്പ് മേധാവികളുടെ വ്യാജ ഒപ്പിട്ടാണ് ഇടപാടുകാർക്ക് നൽകിയിരുന്നത്. ഈ നിയമന ഉത്തരവുമായി ഒരു ഉദ്യോഗാർത്ഥി കെൽട്രോണിൽ ജോലിക്ക് ചെന്നപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. സംശയം തോന്നിയ കെൽട്രോണിലെ ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥിയെ പൊതുഭരണ വകുപ്പിലേക്ക് അയച്ചു. അവിടത്തെ അന്വേഷണത്തിൽ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ ഉദ്യോഗാർത്ഥി മുഖ്യമന്ത്രിക്ക് പരാതി നൽകി. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പെരുന്തൽമണ്ണയിൽ നിന്ന് പിടികൂടുകയുമായിരുന്നു. നിരവധി വ്യാജരേഖകളും അവ നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും തിരുവനന്തപുരത്ത് നിന്ന് പ്രതിയെ കടത്തി കൊണ്ടുപോകാൻ ഉപയോഗിച്ച കരമന സ്വദേശിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.