തിരുവനന്തപുരം: സാക്ഷരതാ മിഷനിൽ മിനിമം വേതനം നടപ്പിലാക്കിയ ധന വകുപ്പിന്റെ നടപടിയിൽ ആക്ഷേപം ശക്തമാവുന്നു. ഇതുവരെ ധന വകുപ്പിന് സമാന തസ്തിക കണ്ടെത്താൻ കഴിയാത്ത ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ അടക്കം സാങ്കല്പിക തസ്തികകളിൽ അധിക വേതനം അനുവദിച്ചത് 44 എണ്ണത്തിൽ. സാക്ഷരതാ മിഷന്റെ ജില്ലാ പ്രേരക്മാരായി പ്രവർത്തിക്കേണ്ടവർക്ക് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എന്ന തസ്തികയ്ക്ക് 39,500 അനുവദിച്ച ധന വകുപ്പ് അസി. ജില്ലാ പ്രേരക്മാരായി പ്രവർത്തിക്കുന്ന 30 പേർക്ക് അസി. ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്ന സാങ്കല്പിക തസ്തികയിൽ 32,300 രൂപ വീതവും നൽകി. ഇതോടെ 2016 സെപ്റ്റംബർ മുതൽ സാക്ഷരതാ മിഷനിൽ സാങ്കല്പിക തസ്തികകളിൽ അധിക വേതനം അനുവദിച്ച വകയിൽ ഖജനാവിന് നഷ്ടം നാല് കോടി എൺപതു ലക്ഷം രൂപ. എൻട്രി കേഡറിൽ പ്രവർത്തിക്കുന്ന പ്രേരക്മാർക്ക് (പഞ്ചായത്ത് കോ-ഓർഡിനേറ്റർ )12,000, നോഡൽ പ്രേരക്മാർക്ക് (ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ ) 15,000 എന്നിങ്ങനെയാണ് നിലവിൽ വേതനം നൽകി വരുന്നത്.
അതേസമയം ജില്ലാ പ്രേരക്, ജില്ലാ അസി. പ്രേരക് തസ്തികകളിൽ (യഥാക്രമം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ അസി.പ്രോജക്ട് കോ-ഓർഡിനേറ്റർ എന്നീ സാങ്കല്പിക തസ്തികകൾ ) ഇത്രയും അധിക വേതനം നൽകുന്നത് ഏത് മാനദണ്ഡം അനുസരിച്ചെന്നു വ്യക്തമല്ലെന്നാണ് ആക്ഷേപം. മിനിമം വേതനം നടപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ കൃത്രിമ മാനദണ്ഡം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നു. അതേസമയം ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ അസി. പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്നീ സാങ്കല്പിക തസ്തികകൾ സൃഷ്ടിച്ചതിലൂടെ പ്രേരക് മാർക്ക് കിട്ടേണ്ടിയിരുന്ന പ്രൊമോഷൻ സാധ്യതയും അട്ടിമറിക്കപ്പെട്ടു.
20 വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയവും ഉന്നത വിദ്യാഭ്യാസവും ഉള്ളവരാണ് പ്രേരകമാരിൽ ഭൂരിപക്ഷവും. നിലവിൽ 44 സാങ്കല്പിക തസ്തികകളിൽ പ്രവർത്തിച്ചു വരുന്നവരെ സാക്ഷരതാ മിഷൻ നേരിട്ടാണ് നിയമിച്ചത്. ഇവരിൽ ആരും തന്നെ പ്രേരക്മാരിൽ നിന്നും പ്രൊമോട്ട് ചെയ്യപ്പെട്ടവരല്ല. ജില്ലകളിൽ പ്രോജക്ടുകൾ ഉണ്ടാക്കാത്ത സാഹചര്യത്തിൽ ഇതിനായി 44 സാങ്കല്പിക തസ്തികകൾ എങ്ങനെ ഉണ്ടാക്കിയെന്ന സംശയമാണ് ഉയരുന്നത്.