സ്ഥാനാർത്ഥി നിർണയം പോലുമാകാതെ യു.ഡി.എഫും എൻ.ഡി.എയും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞയാഴ്ച തീരുമാനിച്ച ഇടതുമുന്നണി ഇന്നലെയോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി അടുത്ത പ്രചാരണഘട്ടത്തിലേക്ക് കടന്നു. ഇന്നലെ മുതൽ വിവിധ മണ്ഡലങ്ങളിൽ ബൂത്ത് തല കൺവെൻഷനുകൾ തുടങ്ങി. ഈ മാസം 20നകം മുഴുവൻ ബൂത്ത് കൺവെൻഷനുകളും പൂർത്തിയാക്കി പൂർണസമയ പ്രചാരണപ്രവർത്തനത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
അതേസമയം, കോൺഗ്രസും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും ഇനിയും സ്ഥാനാർത്ഥികളെ പോലും നിശ്ചയിച്ചിട്ടില്ല. ബി.ജെ.പി സ്ഥാനാർത്ഥികളെ അടുത്ത രണ്ട് ദിവസത്തിനകം പാർട്ടി കേന്ദ്രകമ്മിറ്റി പ്രഖ്യാപിക്കുമെന്ന സൂചനയുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. ഇന്ന് ഡൽഹിയിൽ കോൺഗ്രസ് അഖിലേന്ത്യാ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പായി അന്തിമ സാദ്ധ്യതാപട്ടിക നൽകാൻ കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. കേരള കോൺഗ്രസ്-എമ്മിലെ തർക്കവും യു.ഡി.എഫിന് തലവേദനയായി. രാഹുൽഗാന്ധി കോഴിക്കോട്ട് ജനമഹാറാലിയിൽ പങ്കെടുത്ത ഇന്നലെ തന്നെ എ.ഐ.സി.സി മുൻ വക്താവ് ടോം വടക്കൻ ബി.ജെ.പിയിലേക്ക് ചേക്കേറിയതും സംസ്ഥാനരാഷ്ട്രീയത്തിൽ ചർച്ചാവിഷയമായി. ഇടതുപക്ഷവും ബി.ജെ.പിയും ഒരുപോലെ കോൺഗ്രസിനെതിരെ ഇത് ആയുധമാക്കുന്നു.
ബി.ജെ.പിയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പാർട്ടിക്കുള്ളിലെ ചേരിപ്പോര് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.