air
ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി.സുരേഷിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരമവിശിഷ്ട സേവാമെഡൽ സമ്മാനിക്കുന്നു

തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ എയർമാർഷൽ ബി.സുരേഷിന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരമവിശിഷ്ട സേവാമെഡൽ സമ്മാനിച്ചു. സ്തുത്യർഹ സേവനത്തിന് 2005ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡലും 2001ൽ വായുസേനാ മെഡലും സുരേഷിന് ലഭിച്ചിട്ടുണ്ട്.

മഹാപ്രളയകാലത്ത് രക്ഷാദൗത്യത്തിന് എയർമാർഷൽ സുരേഷ് നേരിട്ട് നേതൃത്വം നൽകിയിരുന്നു. 1980 ഡിസംബറിൽ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമ്മിഷൻ ചെയ്ത ഇദ്ദേഹം വിവിധയിനം യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും പറത്തുന്നതിൽ വിദഗ്ദ്ധനാണ്. എയർമാർഷൽ നമ്പർ-2 ഫൈറ്റർ സ്ക്വാഡ്രൺ കമാൻഡിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. എയർ സ്റ്റാഫ് ഇൻസ്പെക്ഷൻ ഡയറക്ടർ, ടാറ്രിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റിൽ ഡയറക്ടിംഗ് സ്റ്റാഫ്, വ്യോമസേനാ മേധാവിയുടെ എയർ അസിസ്റ്റന്റ്, എയർ ഡിഫൻസിൽ അസി.ചീഫ് ഒഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ്, പശ്ചിമ വ്യോമസേനാ ആസ്ഥാനത്ത് സീനിയർ എയർ സ്റ്റാഫ് ഓഫീസർ തസ്തികകളിലും പ്രവർത്തിച്ചു. വ്യോമസേനാ ആസ്ഥാനത്ത് പേഴ്സണൽ വിഭാഗം മേധാവിയായിരിക്കെയാണ് 2018 ആഗസ്റ്റിൽ ദക്ഷിണ വ്യോമസേനാ മേധാവിയായത്.