തിരുവനന്തപുരം: ഒട്ടും പ്രയാസമില്ലാതെ, രസകരമായി പരീക്ഷയെഴുതാൻ കഴിഞ്ഞതിലെ സന്തോഷത്തിലായിരുന്നു ഇന്നലെ എസ്.എസ്.എൽ.എസി, പ്ലസ്ടു വിദ്യാർത്ഥികൾ. എന്നത്തേയും പോലെ എല്ലാ നിലവാരക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ ഇന്നലെ നടന്ന മലയാളം രണ്ടാം പേപ്പറിനായി.
പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കിയ ശൈലി സവിശേഷവും അഭിനന്ദനമർഹിക്കുന്നതുമാണെന്നാണ് അദ്ധ്യാപകരുടെ അഭിപ്രായം. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ അക്ഷീണം പ്രവർത്തിച്ച ശ്രീനാരായണ ഗുരുദേവനിൽ ഊന്നി നിന്ന് സമകാലിക കേരള സമൂഹത്തെ കുറിച്ച് എഴുതാനായിരുന്നു ഉപന്യാസത്തിന്റെ ചോദ്യം. തകഴിയുടെ രണ്ടിടങ്ങഴി നോവലിൽ ദാരിദ്ര്യവും വിശപ്പും കാരണം മനുഷ്യൻ മോഷ്ടിക്കുന്നത് തെറ്റല്ല എന്ന സന്ദേശത്തെ ഉൾക്കൊണ്ട് വിശദീകരിക്കാനായിരുന്നു മറ്റൊരു ചോദ്യം. മനുഷ്യസ്‌നേഹവും ബന്ധങ്ങളുടെ തീവ്രതയും ആവിഷ്‌കരിക്കുന്ന കാരൂരിന്റെ 'കോഴിയും കിഴവിയും' എന്ന കഥയെ മുൻനിർത്തിയുള്ള ചോദ്യത്തിനും എളുപ്പത്തിൽ ഉത്തരമെഴുതാനായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
പ്ലസ്ടു മലയാളം രണ്ടാം പേപ്പർ പരീക്ഷയും പത്താം ക്ലാസുകാരുടേതിനു സമാനമായിരുന്നു. ഒരുപാട് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു. ക്ലാസിലിരുന്നു കേട്ട ഓർമ്മയിൽ പോലും ഉത്തരമെഴുതാനായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗങ്ങളിൽ സംസ്‌കൃതം, തമിഴ്, കന്നട, അറബിക് ഭാഷാ രണ്ടാം പേപ്പർ പരീക്ഷയും, ഫീഷറീസ് സയൻസ് ടെക്‌നിക്കൽ സ്‌കൂളുകളിൽ ഫിഷറീസ് സയൻസ് പരീക്ഷയും നടന്നു.
പത്താം ക്ലാസിലെ ചോദ്യങ്ങളെല്ലാം സിലബസിൽ നിന്നു തന്നെയുള്ളതായിരുന്നു. ശരാശരിക്കു താഴെയുള്ള വിദ്യാർത്ഥികൾക്കു പോലും എളുപ്പത്തിൽ ഉത്തരമെഴുതാൻ കഴിയുന്നതായിരുന്നു.
ജോൺ കെന്നഡി മലയാളം അദ്ധ്യാപകൻ
പത്തനംതിട്ട മോഡൽ റസിഡൻഷ്യൽ സ്‌കൂൾ
പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പർ മികച്ച രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത് എല്ലാ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാംസൺ വില്ലൂർ മലയാളം അദ്ധ്യാപകൻ
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ