തിരുവനന്തപുരം: കരമന തളിയലിൽ നിന്നു തട്ടിക്കൊണ്ടുപോയ അനന്തു ഗിരീഷിനെ (21) കൊല ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. അനന്തുവിനെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് വഴുതക്കാട് അജിത്കുമാറാണ് പരാതി നൽകിയത്. കൺട്രോൾ റൂം വാഹനങ്ങൾ തലങ്ങും വിലങ്ങും പട്രോളിംഗ് നടത്തുന്ന ദേശീയപാതയിൽ നടന്ന കൊലപാതകം പൊലീസ് അറിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പരാതിയിലുണ്ട്.