karamana-murder

തിരുവനന്തപുരം : കഞ്ചാവിന്റെ ലഹരിയിൽ സമപ്രായക്കാരനെ അരുംകൊല ചെയ്തതിന് കൈയിൽ വിലങ്ങ് വീണിട്ടും തെല്ലും കൂസലില്ലാതെ അഞ്ചംഗ സംഘം. കൊഞ്ചിറവിള സ്വദേശി അനന്തുവിനെ ദാരുണമായി കൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോഴും കുലുക്കമില്ല. തല ഉയർത്തി പൊലീസ് വലയത്തിൽ സംഭവസ്ഥലത്ത് എത്തിയ പ്രതികൾ കൊലപാതക രീതിയുൾപ്പെടെ അഭിനയിച്ച് കാണിച്ചു. മൃഗത്തെ വേട്ടയാടുന്നതുപോലെ അതിക്രൂരമായ രീതിയിലാണ് അനന്തുവിനെ കൊലപ്പെടുത്തിയതെന്ന് മൃതദേഹത്തിലെ പരിക്കുകളിൽ നിന്ന് പൊലീസിന് വ്യക്തമായി.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു കരമന പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. മാദ്ധ്യമ സംഘങ്ങൾക്കൊപ്പം പൊലീസ് പ്രതികളുമായി എത്തുന്നത് അറിഞ്ഞ് സംഭവം നടന്ന നീറമൺകരയിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കനത്ത പൊലീസ് വലയത്തിലാണ് ദേശീയ പാതയ്ക്ക് സമീപം നീറമൺകര ബി.എസ്.എൻ.എൽ പുറമ്പോക്ക് ഭൂമിയിലെ സംഭവ സ്ഥലത്ത് പ്രതികളായ കിരൺകൃഷ്ണൻ, മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെ എത്തിച്ചത്. മാദ്ധ്യമങ്ങളുടെ കാമറകൾക്ക് നടുവിലൂടെ പ്രതികളുമായി പൊലീസ് സ്ഥലത്തെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും കാട്ടിനുള്ളിലാണ് കൊലയാളികളുടെ സങ്കേതം. റോഡിൽ നിന്ന് നോക്കിയാൽ ആർക്കും ഭയം തോന്നുന്ന വഴികളിലൂടെ രാത്രിയും പകലും കൊലയാളിസംഘം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. അനന്തുവിന്റെ മൃതദേഹം കിടന്ന സ്ഥലത്ത് എത്തിച്ച പ്രതികളോട്

ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി. കൂടാതെ മർദ്ദിച്ച് അവശനാക്കി അനന്തുവിനെ കിടത്തിയ സ്ഥലവും കാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരോടും പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. 40 മിനിട്ടോളം നീണ്ട തെളിവെടുപ്പിന് ശേഷവും പ്രതികൾക്ക് കുലുക്കമുണ്ടായിരുന്നില്ല. തു‌ടർന്ന് അനന്തുവിനെ തട്ടിക്കൊണ്ടുപോയ അരശുംമൂട് ജംഗ്ഷനിലും പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.

പ്രത്യേക പരിശോധന തുടങ്ങി

നഗരത്തിലെ ലഹരിമാഫിയ സംഘങ്ങളെ പിടികൂടുന്നതിന് പ്രത്യേക പരിശോധന തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു. സംശയമുള്ള കേന്ദ്രങ്ങളിൽ രാത്രിയും പകലും പ്രത്യേക പരിശോധന നടത്തും. സ്പെഷ്യൽ ഡ്രൈവിന് ഇന്നലെ തുടക്കമായെന്നും കമ്മിഷണർ അറിയിച്ചു.