തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിൽ നിന്ന് മാണിയോട് ഇടഞ്ഞ് പിളരാനൊരുങ്ങുന്ന പി.ജെ. ജോസഫ് ഇടുക്കിയിൽ യു.ഡി.എഫിന്റെ പൊതുസ്വതന്ത്ര സ്ഥാനാർത്ഥി ആയേക്കും.
ഇതിനുള്ള അണിയറനീക്കം അവസാന ഘട്ടത്തിലാണ്. തർക്കം സൃഷ്ടിച്ച തലവേദന തീർക്കാൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കുകയെന്ന ഫോർമുല കെ.എം. മാണിയും അംഗീകരിക്കുമെന്നാണറിയുന്നത്.
ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ നടന്ന നാടകീയ നീക്കങ്ങൾക്കിടെയാണ് ഇങ്ങനെയൊരു ഫോർമുല രൂപപ്പെട്ടത്. മുസ്ലീംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മദ്ധ്യസ്ഥതയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. യു.ഡി.എഫിന്റെ പൊതുസ്വതന്ത്രൻ ആകുന്നത് കൊണ്ടുതന്നെ ഭാവിയിൽ ജോസഫ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാനുള്ള സാദ്ധ്യതയും കണക്കുകൂട്ടുന്നുണ്ട്. ജയിച്ച് എം.പിയായാൽ ജോസഫിന് സാങ്കേതികമായി ആ പാർട്ടിയുടെ ഭാഗമാകാനാവില്ലെങ്കിലും പിന്നീട് അതിലേക്ക് എത്താം.
എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടിയെ ഇടുക്കിയിൽ മത്സരിപ്പിക്കാൻ കേരളത്തിൽ നിന്ന് സമ്മർദ്ദം ഉണ്ടാവുകയും അദ്ദേഹം വഴങ്ങാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ കോൺഗ്രസിനും പ്രത്യേകിച്ച് എ ഗ്രൂപ്പിനും ഇടുക്കി പ്രതിസന്ധി ഒഴിവാക്കാൻ ഈ ഫോർമുല സഹായകമാണ്. ഇതിനൊപ്പം ഉമ്മൻചാണ്ടി പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാനുള്ള സാഹചര്യവും ഉണ്ട്.
പിളർന്നില്ലെങ്കിലും ഇടുക്കി, കോട്ടയം മേഖലകളിൽ രണ്ട് പാർട്ടികളെ പോലെയാണ് മാണി, ജോസഫ് വിഭാഗങ്ങൾ നീങ്ങുന്നത്. ഇത് തിരഞ്ഞെടുപ്പു കാലത്ത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതാവില്ലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ഉന്നതനേതാക്കളെ കണ്ട പി.ജെ. ജോസഫും മോൻസ് ജോസഫ് എം.എൽ.എയും ടി.യു. കുരുവിളയും ആവശ്യപ്പെട്ടത്, കോട്ടയം, ഇടുക്കി മേഖലകളിൽ യു.ഡി.എഫ് വിജയത്തിനായി ജോസഫ് വിഭാഗത്തെ കൂടി ഉൾക്കൊണ്ടുള്ള ഒരു സമീപനം ഉണ്ടാവണമെന്നാണ്.
പി.ജെ. ജോസഫ് യു.ഡി.എഫ് സ്വതന്ത്രനായാലും തത്കാലം മാണിഗ്രൂപ്പിന്റെ അക്കൗണ്ടിലുള്ള എം.എൽ.എ സ്ഥാനം ഒഴിയില്ല. ഭാവിയിൽ നിയമവശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. യു.ഡി.എഫ് തങ്ങളെ പരിഗണിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതോടെ കോട്ടയത്ത് ഉൾപ്പെടെ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയത്തിനായി നിലകൊള്ളുമെന്നും കഴിഞ്ഞദിവസത്തെ കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതാക്കളോട് ജോസഫ് വ്യക്തമാക്കിയിരുന്നു.