ന്യൂഡൽഹി : ഗോകുലം കേരള ഉൾപ്പെടെ ഏഴ് ഐ ലീഗ് ക്ളബുകൾ ബഹിഷ്കരണ ഭീഷണി മുഴക്കിയതോടെ ഇന്ന് ക്വാളിഫയിംഗ് റൗണ്ടോടെ തുടങ്ങാനിരിക്കുന്ന ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് തുലാസിലായി. ഫുട്ബാളിന്റെ വികസനാത്മക മുന്നോട്ടുപോക്കിനും ഐ ലീഗിന്റെ നല്ലഭാവിക്കും വേണ്ടി ഫുട്ബാൾ ഫെഡറേഷൻ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമായാണ് പുതിയ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സി കൊൽക്കത്തയിലെ കരുത്തൻമാരായ മോഹൻബഗാൻ, ഇൗസ്റ്റ് ബംഗാൾ, നെരോക്ക എഫ്.സി, ഐസ്വാൾ എഫ്.സി, മിനർവ പഞ്ചാബ്, ഗോകുലം എന്നീ ക്ളബുകൾ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പൊതുപ്രസ്താവനയിറക്കിത്.
ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും മുൻനിര ക്ളബുകളെ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെന്റാണ് സൂപ്പർ കപ്പ്. കഴിഞ്ഞവർഷമാണ് ഇൗ ടൂർണമെന്റ് ആദ്യമായി നടത്തിയത്. ലീഗുകളിലെ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് സൂപ്പർ കപ്പിലേക്ക് എത്തുകയും അവസാനക്കാർ യോഗ്യതാ റൗണ്ടിലൂടെ നോക്കൗട്ട് യോഗ്യത നേടുകയുമാണ് ചെയ്യുന്നത്. യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഇന്ന് ഭുവനേശ്വറിലാണ് ആരംഭിക്കേണ്ടത്. നോക്കൗട്ട് റൗണ്ട് 29ന് തുടങ്ങണം. ഏപ്രിൽ 13 നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
ടൂർണമെന്റ് പ്രതിസന്ധിയിലായതോടെ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ക്ളബ് അധികൃതരുമായി തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്.