karamana-murder

തിരുവനന്തപുരം : സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി വ്യക്തമായ ആസൂത്രണത്തോടെയാണ് നഗരമദ്ധ്യത്തിൽ അനന്തു എന്ന യുവാവിനെ ഒരു സംഘം അക്രമികൾ കൊലപ്പെടുത്തിയത്. ഉത്സവപ്പറമ്പിൽ വച്ച് പരസ്യമായി തല്ലിയവരെ തിരിച്ചടിക്കാൻ കഞ്ചാവിന്റെ പിൻബലത്തോടെ അക്രമികൾ പദ്ധതിയിട്ടു. നേരത്തേ ഇരുകൂട്ടരും തമ്മിലുള്ള വാക്കുതർക്കങ്ങൾ പകയ്ക്ക് വീര്യം കൂട്ടി.

അനന്തുവിനെ കൊലപ്പെടുത്തുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് എട്ടംഗ സംഘം സംഭവസ്ഥലത്ത് കൂട്ടത്തിലുള്ള ഒരാളുടെ പിറന്നാൾ ആഘോഷം നടത്തിയ ശേഷമാണ് കൊലപാതകം ആസുത്രണം ചെയ്തത്. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു ,റാം കാർത്തിക്,കിരൺ കൃഷ്ണൻ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നു. ഉത്സവ ദിവസം തല്ലിയവരുടെ സംഘത്തിലുള്ള കൊഞ്ചിറവിള സ്വദേശി അനന്തു എല്ലാ ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് ഉത്സവപ്പറമ്പിൽ വച്ച് അടിയേറ്റ സംഘത്തിലെ അരുൺ ബാബു കൂട്ടുകാർക്ക് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട്ടിൽ എത്തി. അനന്തു വണ്ടി നിറുത്തിയതിനു സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ കയറി. തങ്ങളെ കാണുമ്പോൾ അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി ഇതിനിടെ വിഷ്ണു പ്ലഗിലേക്കുള്ള വയർ ഇളക്കിമാറ്റി.
അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇത് തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി.
കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം നേരെ നീറമൺകരയിൽ കാട്ടിലെ ഒളിസങ്കേതത്തിൽ കയറി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. രാത്രിയോടെ കൊലനടത്തിയെന്നാണ് നിഗമനം. അനന്തു ക്രൂരമായ മർദ്ദനത്തിന് വിധേയനായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിവരിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ കേസ് അന്വേഷണം നടക്കുന്നതിനാൽ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല. തലയിൽ കല്ലും കരിക്കും ഉൾപ്പെടെ ഭാരമുള്ള വസ്തുക്കൾ കൊണ്ട് ഇടിച്ച്, കണ്ണിൽ സിഗരറ്റുകൾ കുത്തിവച്ച് കൈത്തണ്ടയിലെ ഞരമ്പിൽ നിന്ന് രക്തം ചീറ്റിക്കാൻ ആവർത്തിച്ച് വെട്ടി മൃഗീയമായാണ് കൊലനടത്തിയിരിക്കുന്നത്.