തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചത് ചികിത്സാപിഴവിനാലാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു. തിരുവനന്തപുരം അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ബീമാപള്ളി പുതുവൽ പുരയിടം ടി.സി 70/1371ൽ നസീയത്ത് ബീവി (31) ആണ് ഇന്നലെ രാവിലെ മരിച്ചത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ: പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് യുവതി അമ്പലത്തറയിലുള്ള ആശുപത്രിയിലെ ഡോക്ടറുടെ കീഴിലാണ് ചികിത്സ നടത്തിവരുന്നത്. ചെവ്വാഴ്ച ആശുപത്രിയിൽ സ്‌കാനിംഗിന് എത്തിയ യുവതിയെ അടിയന്തരമായി അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ യുവതിയെ അഡ്മിറ്റു ചെയ്തു. ബുധനാഴ്ച ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇന്നലെ ഉച്ചയോടെ യുവതി മരിച്ചു. ഇതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി അധികൃതരുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്ന ചിലർ ഇതു തടഞ്ഞു. ഇതോടെ നാട്ടുകാർ പ്രകോപിതരായി ആശുപത്രി അടിച്ചു തകർക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ആശുപത്രിയിൽ നിന്നു മൃതദേഹം കൊണ്ടുപോകില്ലന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. മണിക്കൂറുകൾക്ക് ശേഷം ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ ബീമാപള്ളി ജമാഅത്ത് ഭാരവാഹികൾ, വാർഡ് കൗൺസിലർ, മരിച്ച യുവതിയുടെ ബന്ധുക്കൾ എന്നിവരുമായി ആശുപത്രി അധികൃതർ ചർച്ച നടത്തി അനുനയത്തിലെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.