തിരുവനന്തപുരം : പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പരേഡിൽ ഹാജരാകാത്ത അസോസിയേഷൻ ഭാരവാഹികളുടെ വിവരം കമൻഡാന്റിനെ അറിയിച്ച ഇൻസ്പെക്ടർ ശ്രീകുമാറിനെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ആനന്ദ് മർദ്ദിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണ ചുമതലയുണ്ടായിരുന്ന അഡ്മിനിസ്ട്രേഷൻ എ.സി ഷാജിമോൻ നേതാവിന്റെ ഇഷ്ടക്കാരനാണെന്നും ഇൻസ്പെക്ടർക്കെതിരെ പരാതി നൽകാൻ നേതാവിനെ പ്രേരിപ്പിച്ചത് ഈ ഉദ്യോഗസ്ഥനാണെന്നുമുള്ള ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് കമൻഡാന്റ് സേവ്യർ ഉദ്യോഗസ്ഥനെ മാറ്റിയത്. അസിസ്റ്റന്റ് കമൻഡാന്റായ എം.പി. സദാശിവനാണ് ഇപ്പോൾ അന്വേഷണ ചുമതല. ഇൻസ്പെക്ടർ ശ്രീകുമാറിൽ നിന്ന് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ മൊഴിയടുത്തു.
അതേസമയം മർദ്ദനമേറ്റതിനെത്തുടർന്ന് ബുധനാഴ്ച രാത്രി ശ്രീകുമാർ പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഭാര്യയ്ക്കൊപ്പം പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും എസ്.ഐ പരാതി സ്വീകരിക്കാതെ മടക്കി അയച്ചെന്നാണ് ആക്ഷേപം.
ബുധനാഴ്ച വൈകിട്ട് 3 മണിയോടെ എസ്.എ.പിയിലെ ക്വാട്ടർ മാസ്റ്റർ റൂമിന് സമീപത്തായിരുന്നു സംഭവം.വെള്ളിയാഴ്ചകളിൽ നടക്കുന്ന പരേഡിൽ പങ്കാളിത്തം കുറവായതിനാൽ എല്ലാവരും കൃത്യമായി പങ്കെടുക്കണമെന്ന് കമൻഡാന്റ് നിർദ്ദേശിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും സംഘടനാ നേതാക്കൾ പരേഡിൽ പങ്കെടുത്തില്ല. ഇക്കാര്യം ഇൻസ്പെക്ടർ ശ്രീകുമാർ കമൻഡാന്റിനെ അറിയിക്കുകയായിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. തുടർന്ന് ഇരുവരും കമൻഡാന്റിന് പരാതി നൽകുകയായിരുന്നു.