കോവളം: ആദ്യമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായി കോവളത്ത് സംഘടിപ്പിച്ച ''വെയ്റ്ററസ് റെയ്സ് '' ശ്രദ്ധേയമായി. കോവളം വെള്ളാർ ജംഗ്ഷനിൽ നിന്നാരംഭിച്ച റെയ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രിൻസിപ്പൽ എൽ.വി.കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഹോട്ടലുകളിലും റെസ്റ്റേറന്റുകളിലും പ്രവർത്തിക്കുന്ന വനിതകളുടെ ശാക്തീകരണവും അവരുടെ മാനസികവും കായികവുമായ കഴിവുകൾ പരിപോഷിപ്പിക്കാനും വേണ്ടിയാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ആദ്യമായി ഇത്തരം ഒരു പരിപാടി
സംഘടിപ്പിച്ചതെന്ന് മുഖ്യ സംഘാടകനായ യു.ഡി.എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജഗോപാൽ അയ്യർ പറഞ്ഞു. ഉദയസമുദ്രാ ഹോട്ടലിന്റെ നേതൃത്വത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ സഹകരണത്തോടെ കേരളത്തിനകത്തും പുറത്തുമുള്ള നൂറിലധികം വനിതകൾ പങ്കെടുത്തു.മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഹോട്ടൽ പ്രതിനിധികളും
പരിപാടിയിൽ പങ്കെടുത്തു.വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ കൗൺസിലർ നിസാബീവി വിജയികൾക്കുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു.സംഘാടകരായ മോഹനൻ നായർ, ശിശങ്കരപിള്ള, വിവേക് നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നല്കി.