crime

തിരുവനന്തപുരം: നഗരത്തിൽ ലഹരിമാഫിയയുടെ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. പടിഞ്ഞാറേക്കോട്ട ശ്രീവരാഹം പുന്നപുരം സ്വദേശി ശിവരാജന്റെയും ശാലിനിയുടെയും മകൻ ശ്യാം എന്ന മണിക്കുട്ടനാണ് (28) മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മണിക്കുട്ടനെ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. മണിക്കുട്ടനെ കുത്തിയ ശ്രീവരാഹം സ്വദേശി അർജുന് വേണ്ടി തെരച്ചിൽ തുടരുന്നതായി ഫോർട്ട് പൊലീസ് പറഞ്ഞു. മണിക്കുട്ടന് സഹായവുമായെത്തിയ ഉണ്ണിക്കണ്ണൻ, വിമൽ എന്നിവർക്കും കുത്തേറ്റതായി പൊലീസ് പറഞ്ഞു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ശ്രീവരാഹം സ്വദേശികളായ രജിത്ത് (24), മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു സംഭവം. ശ്രീവരാഹത്തിന് സമീപം റോഡ് വക്കിൽ പരസ്‌പരം അടിപിടികൂടുകയായിരുന്ന സമീപവാസികളായ നാല് പേരെ ബൈക്കിലെത്തിയ മണിക്കുട്ടൻ പിടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന അർജുൻ കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് മണിക്കുട്ടനെ കുത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ശാലിനി, ശ്യാമ എന്നിവരാണ് മണിക്കുട്ടന്റെ സഹോദരിമാർ.