pj-joseph-and-k-m-mani

കോട്ടയം: കോട്ടയം സിറ്റ് പ്രശ്നത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഭിന്നത മൂർച്ഛിക്കെ കെ.എം. മാണിയുടെ വിശ്വസ്തരായ രണ്ട് എം.എൽ.എമാർ പി.ജെ. ജോസഫ് വിഭാഗത്തോടൊപ്പം പോകാൻ ഒരുങ്ങുന്നതായി സൂചന.

കോട്ടയത്ത് ജോസഫിന് സീറ്ര് നിഷേധിക്കുകയും ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയും ചെയ്തതിൽ മാണി ഗ്രൂപ്പിലെ നേതാക്കൾക്കിടയിൽ അമർഷം പുകയുകയാണ്. അതിനിടെയാണ് മാണിയോട് അടുപ്പം പുലർത്തിയിരുന്ന രണ്ട് എം.എൽ.എമാർ ജോസഫ് വിഭാഗവുമായി അടുക്കുന്നത്. ജോസഫിനെ ഇടുക്കിയിൽ പൊതു സ്വതന്ത്രനായി നിറുത്താൻ കോൺഗ്രസിൽ ധാരണ രൂപപ്പെട്ട് വരുന്നതിനിടെയാണ് ഈ നീക്കവും.

പാർട്ടിയിൽ പിളർപ്പുണ്ടായാൽ ഈ രണ്ട് എം.എൽ.എമാരും ജോസഫിനൊപ്പം നിൽക്കുമെന്നാണ് സൂചന. ഇവർ ജോസഫ് ഗ്രൂപ്പിലെ പ്രബലനായ ഒരു നേതാവുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.

അതേസമയം, ജോസഫിനെ ഇടുക്കിയിൽ യു.ഡി.എഫ് സ്വതന്ത്രനാക്കിയാൽ കേരള കോൺഗ്രസ് പാർട്ടിക്ക് ഭാവിയിൽ ദോഷം ചെയ്യുമെന്ന് കെ.എം. മാണിയും കൂട്ടരും ഭയപ്പെടുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ കെ.എം. മാണിയും ജോസ് കെ. മാണിയും പ്രതികരിച്ചേക്കും.