-two-sdpi-leaders-arreste

കൊല്ലം: യുവാവിനെ വീട് കയറി വെട്ടിയ ശേഷം ഒളിവിൽ പോയ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ ചാത്തന്നൂർ പൊലീസ് അറസ്‌‌റ്ര് ചെയ്‌തു. മുട്ടയ്‌ക്കാവ് സ്വദേശികളായ ഫൈസൽ (33),​ ഇ‍ർഷാദ് (21)​ എന്നിവരാണ് പിടിയിലായത്.

മുട്ടയ്‌ക്കാവ് സ്വദേശിയായ ഷാഫിയെ (39) വെട്ടിയ കേസിലാണ് അറസ്‌‌റ്റ്. ഈ കേസിൽ ഷിഹാബ് എന്ന യുവാവിനെയും സഹോദരനും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഖിറാറിനെയും നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. സുഹൃത്തുക്കളായ ഷാഫിയും ഷിഹാബും തമ്മിൽ വഴിയെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അയൽക്കാരായ ഇരുവരുടെയും വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ ഇവരുടെ വാഹനങ്ങൾ ഞെരുങ്ങി ഉരസിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഷാഫിയുടെ ഓട്ടോ ഷിഹാബിന്റെ കാറിൽ ബോധപൂർവം ഉരസിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഷിഹാബ് സഹോദരൻ ഖിറാർ മുഖേന എസ്.ഡി.പി.ഐ പ്രവർത്തകരെ ഇറക്കി ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.