വർക്കല: ശിവഗിരി ശ്രീനാരായണ കോളേജ് അങ്കണത്തിൽ സ്ഥാപിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ ഓർമ്മിപ്പിച്ചു കൊണ്ട് പ്രധാന ദേവാലയം വിദ്യാലയമാകണമെന്നാണ് ഗുരുദേവൻ പറഞ്ഞത്. ഗുരുദേവന്റെ നാമധേയത്തിലുള്ള കലാലയത്തിലേക്ക് ഗുരുവിനെ പ്രണമിച്ചുകൊണ്ട് കടന്നുവരാൻ പാകത്തിൽ ക്ഷേത്രം നിർമ്മിച്ചത് ഏറ്റവും അനുയോജ്യമായ കാര്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രണ്ടാം ശിവഗിരി കുന്നെന്ന് തോന്നാവുന്ന നിലയിൽ ഗുരുക്ഷേത്രം നിർമ്മിച്ചതോടെ ഈ കലാലയത്തിന് ഒരു പൂങ്കാവന പ്രതീതി കൂടി കൈവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി. ഡോ.എ.സമ്പത്ത് എം.പി സംസാരിച്ചു. ഗുരുദേവക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ആർക്കിടെക്ട് കൂടിയായ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജി എസ്.ആർ.എം, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ശിവകുമാർ, ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച പഞ്ചലോഹവിഗ്രഹം നിർമ്മിച്ച ശില്പി രാജു തൃക്കാക്കര എന്നിവരെ വെള്ളാപ്പള്ളി നടേശൻ പൊന്നാട അണിയിച്ചു.
എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്രി അംഗം ഡി.പ്രേരാജ്, ആർ.ഡി.സി ചെയർമാൻ സി.വിഷ്ണുഭക്തൻ, കൺവീനർ എസ്.ഗോകുൽദാസ്, ട്രഷറർ ഡി.വിപുനരാജ്, യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, എം.രാജീവൻ, ശ്രീകുമാർ പെരുങ്ങുഴി, ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്.ലീ എന്നിവർ സംസാരിച്ചു. രാവിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയാണ് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത്.