കൊച്ചി: നവപ്രതിഭകളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ നടത്തുന്ന ഷോർട്ട് ഫിലിം എൻട്രികൾ അയക്കാനുള്ള അവസാനദിവസം ഇന്ന് (മാർച്ച് 15). ഷോർട് ഫിലിമുകൾ ഫെഫ്കയുടെ എറണാംകുളം ഓഫീസിലാണ് ഇന്ന് ലഭിക്കേണ്ടത്. ചലച്ചിത്ര മേഖലയിലെ നവ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്ന ഷോർട്ട് ഫിലിം ഫെസ്റ്റ് രണ്ടാം എഡിഷനുമായി മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ, ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഒരു ഫെസ്റ്റിവൽ നടത്തുന്നത്. കഴിഞ്ഞ വർഷം തിരുവന്തപുരം ഏരീസ് ഫ്‌ളെക്‌സിൽ നടന്ന ഫെസ്റ്റിവൽ വൻ വിജയമായിരുന്നു. ഇതിലൂടെ നിരവധി പ്രതിഭകൾ ചെറു സിനിമകളിൽ നിന്നും സിനിമയുടെ വലിയ ലോകത്തേക്ക് കടന്നു വന്നു. ഫെഫ്ക ഷോർട് ഫിലിം ഫെസ്റ്റ് രണ്ടാം എഡിഷനിൽ മലയാളത്തിലെയും ഇതര ഭാഷകളിലെയും സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറികളായെത്തും.അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മേളയിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപ വീതവുമാണ് നൽകുന്നത്. ഇതിനൊപ്പം പ്രശസ്തിപത്രവും ശിൽപവുമുണ്ടാകും. മുപ്പത് മിനിറ്റിൽ കവിയാത്ത ഹ്രസ്വചിത്രങ്ങളാണ് മേളയിൽ പരിഗണിക്കുന്നത്. മേളയിൽ പങ്കെടുക്കുന്നതിന് പ്രായപരിമിതികളും കൽപ്പിച്ചിട്ടില്ല. ഒരാൾക്ക് ഒന്നിലധികം എൻട്രികൾ അയയ്ക്കാവുന്നതാണ്. മാർച്ച് പതിനഞ്ചിനുള്ളിൽ ചിത്രങ്ങൾ സമർപ്പിച്ചിരിക്കണം. മുൻവർഷങ്ങളിൽ പൂർത്തിയാക്കിയ ചിത്രങ്ങൾക്കും മുമ്പ് അവാർഡുകൾ നേടിയിട്ടുള്ളതും അവാർഡിനായി പരിഗണിക്കപ്പെട്ടിട്ടുള്ളതും യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളതുമായ ഹ്രസ്വചിത്രങ്ങളും മത്സരിക്കാനായി പരിഗണിക്കുന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം ഫെഫ്ക ഷോർട് ഫിലിം ഫെസ്റ്റിൽ സമർപ്പിച്ച ചിത്രങ്ങൾ പരിഗണിക്കില്ല.മികച്ച ക്യാമ്പസ്, പ്രവാസി ചിത്രങ്ങൾക്ക് പ്രത്യേക പുരസ്‌കാരങ്ങളും നൽകാൻ ധാരണയായിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ് ഒഴിച്ച് മറ്റ് ഭാഷകളിലുള്ള ചിത്രങ്ങൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിൽ നിർബന്ധമാണെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. മികച്ച സംവിധായകൻ, രചയിതാവ്, നടൻ, നടി, ഛായാഗ്രഹകൻ, ചിത്രസംയോജകൻ, സംഗീത സംവിധായകൻ, എന്നിവർക്കും പ്രത്യേകം അവാർഡുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് www.fefkadirectors.com, fefkadirectors@gmail.com, 04842408156, 09544342226, 8921270033 എന്നി നമ്പറുകളിലും ബന്ധപ്പെടാം.