സർക്കാരും ഉദ്യോഗസ്ഥന്മാരുമൊക്കെ പൊതു തിരഞ്ഞെടുപ്പിന്റെ ചൂടിലാണെങ്കിലും പാവപ്പെട്ട രണ്ടുലക്ഷത്തോളംസ്കൂൾ വിദ്യാർത്ഥികൾക്ക് അർഹമായ പ്രീമെട്രിക് സ്കോളർഷിപ്പ് കിട്ടാതെ പോയതിന് ആരാണ് ഉത്തരവാദികൾ എന്ന് അന്വേഷിക്കുകതന്നെ വേണം. അന്വേഷിച്ചാൽ മാത്രം പോരാ. എത്രയും വേഗം അത് കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുകയും വേണം. ഗുണഭോക്താക്കൾ പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന പാവപ്പെട്ടവരായതുകൊണ്ട് മുറവിളികൂട്ടാനും സെക്രട്ടേറിയറ്റ് പടിക്കൽ സത്യാഗ്രഹമിരിക്കാനും ഒരുങ്ങിയെന്നുവരില്ല. അതുകൊണ്ട് അവരോട് നീതി നിഷേധമാകാം എന്നു കരുതരുത്. ചോദിക്കാൻ ആളില്ലെന്നു കണ്ടാൽ അവകാശപ്പെട്ടതെന്തും നിഷേധിക്കാനുള്ള പ്രവണത ഭരണയന്ത്രത്തിന്റെ പൊതുസ്വഭാവമാണെന്ന് അറിയായ്കയല്ല. എന്നാലും 1500 രൂപയുടെ തുച്ഛമായ ഇൗ സ്കോളർഷിപ്പ് ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥകൊണ്ടു കിട്ടാതാവുന്നതിന് നീതീകരണമൊന്നുമില്ല.
മാർച്ച് 31ന് മുമ്പ് സർക്കാർ തുക അനുവദിച്ചില്ലെങ്കിൽ ഇൗവർഷത്തെ സ്കോളർഷിപ്പ് മുടങ്ങുമെന്ന അവസ്ഥയാണിപ്പോൾ. പിന്നാക്ക വിഭാഗ വികസന വകുപ്പിനാണ് സ്കോളർഷിപ്പ് നൽകാനുള്ള ചുമതല. ചെയ്യേണ്ട കാര്യങ്ങൾ യഥാസമയം ചെയ്തിരുന്നുവെങ്കിൽ ഇതിനകം പണം കുട്ടികൾക്കു ലഭിക്കുമായിരുന്നു. എന്നാൽ അർഹരായവരുടെ പട്ടികപോലും ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് കേൾക്കുന്നത്. അപേക്ഷകർ ഇല്ലാത്തതൊന്നുമല്ല കാരണം. ബഡ്ജറ്റിൽ സ്കോളർഷിപ്പ് നൽകാനായി 25 കോടിരൂപ വകകൊള്ളിച്ചതാണ്. സംസ്ഥാനം 25 കോടി മാറ്റിവച്ചാൽ കേന്ദ്രവും അത്രയും തുക റിലീസ് ചെയ്യും. സംസ്ഥാനം അർഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കി വിഹിതവും മാറ്റിവച്ചാൽ കേന്ദ്ര വിഹിതവും വന്നുചേരും. സംസ്ഥാനം നടപടിയൊന്നുമെടുക്കാത്തതുകൊണ്ട് കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട 25 കോടിരൂപയിൽ ആറുകോടി രൂപ മാത്രമേ ഇതിനകം ലഭിച്ചിട്ടുള്ളൂ. മാർച്ച് 31 കഴിഞ്ഞാൽ ഫണ്ട് ലാപ്സാകുമെന്നതിനാൽ സ്കോളർഷിപ്പ് ആർക്കും ലഭിച്ചെന്നുവരില്ല. മൂന്നുലക്ഷത്തോളം കുട്ടികൾ സ്കോളർഷിപ്പിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കഴിഞ്ഞവർഷം 3.42 ലക്ഷമായിരുന്നു അപേക്ഷകർ. അവർക്കെല്ലാം തുക അനുവദിക്കുകയും ചെയ്തു. എൽ.പി, യു.പി, ഹൈസ്കൂൾ വ്യത്യാസമില്ലാതെ അപേക്ഷകർക്ക് 1500 രൂപയാണ് ഇപ്പോൾ സ്കോളർഷിപ്പായിനൽകുന്നത്. പ്രതിവർഷം രണ്ടരലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ അതിനകത്തുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിക്കുക. സാമൂഹിക സുരക്ഷാനടപടി എന്നതിനപ്പുറം തുകയുടെ വലിപ്പംകൊണ്ടുള്ള ആകർഷണീയതയൊന്നുമില്ല. എല്ലാവർഷവും ഒാരോരോ കാരണങ്ങളാൽ യഥാസമയം അതിന്റെ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. ന്യൂനപക്ഷ വിഭാഗക്കാർക്ക് പ്രത്യേകം കേന്ദ്ര സ്കോളർഷിപ്പ് പദ്ധതി നിലവിലുണ്ട്. അതിന്റെ തുകയും കൂടുതലാണ്.
അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ അപേക്ഷ സ്വീകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രീമെട്രിക് സ്കോളർഷിപ്പ് വിതരണം ചെയ്യുക എന്നത് അത്ര വലിയ ആനക്കാര്യമൊന്നുമല്ല. എല്ലാവർഷവുമുള്ള ഏർപ്പാടായതുകൊണ്ട് നൂലാമാലകളിൽ കുടുങ്ങേണ്ടതുമില്ല. എന്നിട്ടും അത് കൃത്യമായി നടക്കുന്നില്ല. പദ്ധതി നടപ്പാക്കാൻ ചുമതലപ്പെട്ടവർ ഒന്നുമനസ്സുവച്ചിരുന്നുവെങ്കിൽ കുട്ടികൾ ഇന്നത്തേതുപോലെ കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. സ്കോളർഷിപ്പ് കേവലം ഒരു ദാനമല്ലെന്ന് ഒാർക്കണം. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സർക്കാർ നൽകുന്ന സഹായമാണത്. ബഡ്ജറ്റിൽ അതിനായി തുക വകകൊള്ളിക്കാറുമുണ്ട്. അതെടുത്ത് അർഹരായവർക്ക് യഥാസമയം വിതരണം ചെയ്യുക എന്ന ചുമതലയേ ഉദ്യോഗസ്ഥന്മാർക്കുള്ളൂ. ഇൗ ഘട്ടത്തിൽ ഉണ്ടാകുന്ന വീഴ്ചയാണ് കുട്ടികൾക്ക് വിനയായി മാറുന്നത്. പിന്നാക്ക വിഭാഗക്കാരുടേതായി അനവധി സംഘടനകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഗതിയിൽ അവരാണ് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടേണ്ടത്. സ്കോളർഷിപ്പ് വിതരണം മുടങ്ങുമ്പോൾ അക്കാര്യം സർക്കാർ ശ്രദ്ധയിൽപ്പെടുത്തി സത്വര പരിഹാരം കാണാൻ പിന്നാക്ക വിഭാഗം സംഘടനകൾക്ക് കഴിയേണ്ടതാണ്. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നതിനൊപ്പംതന്നെ അനുവദിച്ച സഹായം കാലതാമസംകൂടാതെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാദ്ധ്യതകൂടി സംഘടനകൾക്കുണ്ട്.