എൺപതുകളുടെ ആദ്യം ഒരു ദിവസം ആലപ്പുഴയിലെ മുനിസിപ്പൽ മൈതാനത്ത് വി. സാംബശിവന്റെ കഥാപ്രസംഗം നിശ്ചയിച്ചിരുന്നു. കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു. വലിയ ആൾക്കൂട്ടമായിരുന്നു.
സമ്മേളനം തീർന്ന് കഥാപ്രസംഗം തുടങ്ങാറായപ്പോഴേക്കും പൊടുന്നനെ മഴയാരംഭിച്ചു. മഴയെ കൂസാതെ കഥാപ്രസംഗം തുടങ്ങി. പത്ത് നിമിഷം നീണ്ടുനിന്നില്ല. അപ്പോഴേക്കും തുള്ളിക്കൊരു കുടം മഴയായി. കഥ നിന്നു. അനീസ്യ എന്ന കഥാപ്രസംഗമായിരുന്നു. വമ്പിച്ച ജനക്കൂട്ടം നിരാശരായി നാലുപാടും പിരിഞ്ഞു.
ബോട്ടുജെട്ടിയിൽ കൃഷ്ണഭവൻ ലോഡ്ജിലെ മുറിയിലേക്ക് സാംബശിവനും സംഘവും മടങ്ങി. വെൺമണി വിജയനും രാജപ്പനും ബേബിയുമൊക്കെ ചുറ്റിപ്പറ്റി നിൽക്കുന്നു. അപ്പോഴാണ് തിരുവനന്തപുരത്തെ മിനർവാ ശിവാനന്ദൻ എന്നയാളെപ്പറ്റി ആദ്യം കേൾക്കുന്നത്. വി. സാംബശിവൻ അദ്ദേഹത്തെപ്പറ്റി വിസ്തരിച്ച് സംസാരിച്ചു.
തന്റെ മിക്ക കഥാപ്രസംഗങ്ങളുടെയും ഉദ്ഘാടനം തിരുവനന്തപുരത്തായിരുന്നു. ശിവാനന്ദനായിരുന്നു എപ്പോഴും സംഘടാകൻ. ഏത് പ്രതിബന്ധമുണ്ടായാലും ഉദ്ഘാടനം നടന്നിരിക്കും.
കൂട്ടത്തിൽ ഒരല്പം സ്വരം താഴ്ത്തി സാംബശിവൻ പറഞ്ഞു. - "ഭൗതികവാദികളായ നമുക്ക് പറയാൻ കൊള്ളാവുന്ന വർത്തമാനമല്ല. എന്നാലും പറയാം, ശിവാനന്ദന്റെ ചുമതലയിൽ ഉദ്ഘാടനം നടന്നാൽ ആ കഥ വിജയിക്കും. ഇത് എന്റെ വെറുമൊരു തോന്നലായിരിക്കാം."
വർഷങ്ങൾ കഴിഞ്ഞ് ദേശാഭിമാനി ലേഖകനായി തിരുവനന്തപുരത്ത് വരുമ്പോൾ സാംബശിവൻ പറഞ്ഞ ശിവാനന്ദൻ എന്റെ മനസിലുണ്ടായിരുന്നു. കാണണമെന്നുണ്ടായിരുന്നു. ഒരുദിവസം സ്വകാര്യ പ്രസ് മുതലാളിമാരുടെ സംഘടനയുടെ വാർത്തയുമായി അദ്ദേഹം ശാന്തിനഗറിലെ ഒാഫീസിൽ വന്നു. കഴുത്തിൽ ഒരു ചുട്ടിത്തോർത്ത് ചുറ്റി ചുറുചുറുക്കോടെയുള്ള വരവും പരിചയപ്പെടലും സംസാരവും എനിക്ക് ബോധിച്ചു. വർത്തമാനം സാംബശിവനിൽ തൊട്ടു. ഒരു പ്രസ് ഉടമയിൽ നിന്ന് പ്രതീക്ഷിച്ച വർത്തമാനങ്ങളേയല്ല. വൈക്കം മുഹമ്മദ് ബഷീർ, വയലാർ രാമവർമ്മ, പേട്ട വെടിവെപ്പ്, കെ. ബാലകൃഷ്ണന്റെ പ്രസംഗം, കാട്ടായിക്കോണം വി. ശ്രീധറുടെ സംഘടനാപാടവം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലേക്ക് സംഭാഷണം പടർന്നുകയറി.
എനിക്ക് ഏറെയിഷ്ടമുള്ള പലരെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടായി. സാംബശിവൻ പറഞ്ഞത് നേരാണല്ലോ എന്ന കാര്യം ഒാർത്തു. പിന്നീട് എത്രയോവട്ടം കണ്ടു. ദീർഘമായ ചർച്ചകൾ, ശിവാനന്ദൻ എന്ന വ്യക്തിയുമായി കൂടുതൽ അടുക്കുകയായിരുന്നു.
ഞാനുൾപ്പെടെ ഇടതുപക്ഷ പ്രതിബദ്ധതയുള്ള എഴുത്തുകാർക്ക് അതേപക്ഷത്തു നിന്നുതന്നെ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന വിമർശനം അദ്ദേഹം എപ്പോഴും ഉന്നയിക്കുമായിരുന്നു. 1996 ൽ മഞ്ഞപ്പിത്തം കലശലായി ഞാൻ അത്യാസന്നനിലയിൽ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ വാടകവീട്ടിൽ കിടക്കുമ്പോൾ ശിവാനന്ദൻ ഒരു സന്ധ്യാനേരത്ത് കാണാൻ വന്നു. പ്രസിദ്ധ കാഥികൻ തേവർത്തോട്ടം സുകുമാരനും ഒപ്പമുണ്ടായിരുന്നു. കരൾ രോഗത്തെത്തുടർന്നുള്ള മഞ്ഞപിത്തമായിരുന്നു. രോഗം വേണ്ടത്ര തിരിച്ചറിയാതെയുള്ള ചികിത്സയായിരുന്നു. മേലാസകലം മഞ്ഞനിറം പരന്നു. ഉടുവസ്ത്രങ്ങളൊക്കെ മഞ്ഞയായി. മദ്യപാനികൾക്കേ കരൾരോഗം വരികയുള്ളു എന്നായിരുന്നു എന്റെ ധാരണ. ഞാനാണെങ്കിൽ ഒട്ടും മദ്യപിരിച്ചിരുന്നില്ല. പല കാരണങ്ങളാൽ രോഗം ഉണ്ടാകുമെന്ന് പിന്നീടാണറിഞ്ഞത്. ശിവാനന്ദൻ എന്റെ കിടക്കയുടെ ഒരരികിൽ ഇരുന്നു. ഇരുന്നസമയമത്രയും രോഗം സാരമില്ലെന്ന വർത്തമാനമായിരുന്നു.
വി. സാംബശിവൻ അതീവഗുരുതരാവസ്ഥയിലാണെന്ന് തേവർതോട്ടം പറഞ്ഞു. അത് പറയരുതെന്ന് ശിവാനന്ദൻ കണ്ണുകൊണ്ട് വിലക്കുന്നത് ഞാൻ കണ്ടു. എന്നിട്ടും പലരും വഴി സാംബശിവന്റെ ഗുരുതരാവസ്ഥ ഞാനറിഞ്ഞു. അതിനടുത്ത ദിവസം അദ്ദേഹത്തിന്റെ മരണവാർത്ത വായിച്ചറിഞ്ഞു.
ശിവാനന്ദൻ വിടചൊല്ലിയിട്ട് 12 വർഷങ്ങൾ പിന്നിടുന്നു. പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ അകാലമരണങ്ങൾ തന്നെ. സ്നേഹസ്വരൂപനായ സഖാവിന്റെ ഒാർമ്മകൾക്ക് എന്റെ തിലോദകം.