തിരുവനന്തപുരം: കരമന കൈമനത്ത് ബൈക്കിൽ തട്ടിക്കൊണ്ടുപോയി കൊഞ്ചിറവിള സ്വദേശി അനന്തുവിനെ (21) അതിക്രൂരമായി മർദ്ദിച്ചും കൈ ഞരമ്പ് മുറിച്ചും കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയൊഴികെ എല്ലാവരെയും പൊലീസ് പിടികൂടി. സഹോദരങ്ങളായ മൂന്നുപേർ ഉൾപ്പെടെ ഏഴു പേരാണ് വ്യാഴാഴ്ച രാത്രി വൈകി പിടിയിലായത്. 13 പ്രതികളുള്ള കേസിൽ ഇതോടെ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി. ഒളിവിൽ പോയ സുമേഷ് എന്ന യുവാവിനായി തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ വിഷ്ണുരാജ്, ഇയാളുടെ സഹോദരൻമാരായ വിനീഷ്‌രാജ്, കുഞ്ഞുവാവയെന്ന വിജയരാജ്, സംഘത്തിലെ മറ്റംഗങ്ങളായ ഹരിലാലെന്ന നന്ദു, കുടപ്പനെന്ന അനീഷ്, അപ്പുവെന്ന അഖിൽ എന്നിവർ പൂവാറിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ശരത്തിനെ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു, റാംകാർത്തിക് എന്നിവരെ വ്യാഴാഴ്ച പകൽ അറസ്റ്റ് ചെയ്തിരുന്നു.
വിഷ്ണുരാജിന്റെ ഇളയ സഹോദരൻ വിജയരാജിനെ പലപ്പോഴായി മൂന്നു തവണ അനന്തു മർദ്ദിച്ചിരുന്നു. ആദ്യ രണ്ട് തവണയും ഇതേ ചൊല്ലി വിഷ്ണുരാജും സംഘവും അനന്തുവുമായി വഴക്കുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവ ദിവസം വിജയരാജിനെ വീണ്ടും അനന്തു അടിച്ചു. ഇതോടെ അനന്തുവിനെ വകവരുത്താൻ പദ്ധതിയിട്ടെന്ന് ചോദ്യം ചെയ്യലിൽ വിഷ്ണുരാജ് പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി തന്റെ സംഘത്തിലുള്ളവരോട് സഹായം അഭ്യർത്ഥിച്ചു. എല്ലാവരും പിന്തുണ അറിയിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
സംഘാംഗങ്ങളിലൊരാളുടെ പിറന്നാൾ ആഘോഷ ദിവസം തന്നെ കൊലപാതകത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. അനന്തുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് നടക്കുകയായിരുന്ന സംഘം കരമന തളിയൽ ഭാഗത്ത് ബൈക്കിൽ വന്നതറിഞ്ഞ് അവിടെ പാഞ്ഞെത്തി. അനന്തുവിനെ മർദ്ദിച്ച് ബൈക്കിൽ കയറ്റി കൈമനത്തെ വിജനമായ സ്ഥലത്തെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തി.
അനന്തു മരിച്ചെന്ന് ഉറപ്പാക്കിയശേഷം സംഭവ സ്ഥലത്ത് നിന്ന് പിരിഞ്ഞ സംഘം നാടുവിടാൻ തീരുമാനിച്ചു. ഇതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ചുപേർ പൊലീസിന്റെ വലയിൽ കുടുങ്ങി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലേക്ക് കടന്ന ശരത്തിനെ പിന്തുടർന്നും മറ്റുള്ളവരെ പൂവാറിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടുകയായിരുന്നു.
കൊലപാതകത്തിനും ഒളിവിൽ കഴിയാനും ഇവർക്ക് ആരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തെളിവുകൾ ലഭിച്ചാൽ അവരെയും കേസിൽ കൂട്ടു പ്രതിയാക്കും.
വ്യാഴാഴ്ച രാത്രി പിടിയിലായ ഏഴു പേരെയും ഇന്നലെ വൈകിട്ട് കൃത്യം നടന്ന സ്ഥലത്തും ഇവരുടെ വീടുകളിലും എത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ ആദിത്യ, അസി. കമ്മിഷണർമാരായ പ്രതാപൻ നായർ, ശിവസുതൻ പിള്ള, ഷാഡോ പൊലീസ് എസ്.ഐ സുനിലാൽ, കരമന എസ്.ഐ ദീപു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.