custodial-death

തിരുവനന്തപുരം: സംസ്ഥാനത്ത് നിഷ്ഠൂരമായ കൊലപാതകങ്ങളും ലഹരി മാഫിയയുടെയും ഗുണ്ടാസംഘങ്ങളുടെയും അഴിഞ്ഞാട്ടവും നിത്യസംഭവങ്ങളായത് പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല.
രണ്ടാഴ്ചക്കുളളിൽ യുവാക്കളെ അടിച്ചു കൊല്ലുകയും പെൺകുട്ടികളെ തീവച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പരമ്പരയാണ്. തലസ്ഥാന നഗരിയിൽ ഹൈവേക്ക് അരികിൽ മൂന്ന് മണിക്കൂർ യുവാവിനെ പീഡിപ്പിച്ചിട്ടും പൊലീസറിയാനാവാതെ പോയത് എന്തു കൊണ്ടാണ്? നഗരമദ്ധ്യത്തിൽ തന്നെ അക്രമിസംഘം ഒളിത്താവളമൊരുക്കി ലഹരിസേവയും മറ്റ് അതിക്രമങ്ങളും നടത്തിയിട്ടും അറിയാതെ പോയത് പൊലീസിന്റെ പൂർണ പരാജയമാണ്.
എറണാകുളത്ത് കാക്കനാടിനടുത്ത് പാലച്ചുവട്ടിൽ യുവാവിനെ വിളിച്ചു വരുത്തി അടിച്ചു കൊന്നു. തിരുവല്ലയിൽ പഠിക്കാൻ പോകുകയായിരുന്ന പെൺകുട്ടിയെ റോഡിൽ കുത്തിവീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചു. ഇന്നലെ കൊച്ചി പനമ്പിള്ളി നഗറിൽ മറ്റൊരു പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം നഗരത്തിൽ ലഹരിമാഫിയകളുടെ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച യുവാവ് കഴിഞ്ഞ രാത്രിയിൽ കുത്തേറ്റു മരിച്ചു.
പൊലീസിനെ രാഷ്ട്രീയവത്കരിക്കുകയും നിർജീവമാക്കുകയും ചെയ്തതിന്റെ ഫലമാണ് അടിക്കടിയുള്ള ക്രൂരകൃത്യങ്ങൾ. ലഹരി കടത്ത് സംഘങ്ങളും ഗുണ്ടാ മാഫിയാ സംഘങ്ങളും എല്ലാ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയാണെന്നും ചെന്നിത്തല പറഞ്ഞു.