നെയ്യാറ്റിൻകര: അതിർത്തി തർക്കവും ക്രിമിനൽ കേസുകളും കൊണ്ട് സമ്പന്നമാണ് പൊഴിയൂർ പൊലീസ് സ്റ്റേഷൻ. ഒപ്പം പൊലീസ് ജീപ്പോ മറ്റ് വാഹനങ്ങളൊ ഇല്ലാത്ത താലൂക്കിലെ ഏക സ്റ്റേഷൻ കൂടിയാണിത്. ഏതെങ്കിലും പരാതികൾ വന്നാൽ കേസന്വേഷിച്ച് പോകണമെങ്കിൽ പരാതിക്കാരൻ തന്നെ കനിയണം.
തെക്കെ കൊല്ലങ്കോട് മുതൽ പൊഴിക്കരവരെയുള്ള തീരദേശവും ചെറുവാരക്കോണം മുതൽ ആറ്റുപുറം വരെയുള്ള ഗ്രാമീണ മേഖലയുമാണ് സ്റ്റേഷനതിർത്ഥി. ഇത്രയും വലിയ തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കേസന്വേഷിച്ച് പോകുവാൻ കഴിയാതെ കുഴങ്ങുകയാണ് പൊലീസുകാർ. മുൻപ് ഒരു ജീപ്പുണ്ടായിരുന്നത് കട്ടപ്പുറത്തായതോടെ തിരുവനന്തപുരം മണ്ണന്തലയിലെ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു ജീപ്പ് പകരമായി ലഭിച്ചിരുന്നു. ഈ ജീപ്പിന്റെ നമ്പർ വ്യക്തമല്ലെന്ന പരാതി ഉയർന്നതോടെ ജീപ്പ് തിരിക്കെ എടുത്തു. പകരം ഇവിടെ നേരത്തേ ഉണ്ടായിരുന്ന കേടായ ജീപ്പുതന്നെ വീണ്ടും നൽകി. ലോക്സഭാതിരത്തെടുപ്പ് വരുന്നതോടെ പ്രശ്ന സാദ്ധ്യതകൾ കുടുതലുള്ള ഈ പ്രദേശത്തെക്ക് വാഹനമില്ലാതെ എങ്ങനെ ഓടിയെത്തുമെന്ന ഉത്കണ്ഠയിലാണ് പൊലീസുകാർ.
സ്റ്റേഷനിലെ ടൊയ്ലറ്റിന്റെ ശോചനീയവസ്ഥകാരണം ഇവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ആഴ്ചകളോളം മൂക്ക് പൊത്തിയാണ് കഴിഞ്ഞത്. ഇപ്പോൾ ടൊയ്ലറ്റ് ഒരു വിധം നന്നാക്കിയെങ്കിലും സെപ്റ്റിക് ടാങ്ക് പണി നേരെയല്ലാത്തതിനാൽ ദുർഗന്ധം ഇപ്പോഴുമുള്ളതായി പരിസര വാസികൾ പറയുന്നു.
പരാതി പറയാൻ സ്റ്റേഷനിലേക്ക് വിളിച്ചാൽ കിട്ടാറില്ല. തിരക്കിച്ചെല്ലുമ്പോഴാണ് അറിയുന്നത് അധികൃതർ കാശടയ്ക്കാത്തതിനാൽ ഫോൺ കണക്ഷനും കട്ടായി. ഇപ്പോൾ പരാതിക്കാർ പൊലീസുകാരുടെ നമ്പർ തിരക്കി നടക്കേണ്ട അവസ്ഥ. പരാതിക്കാർ കൂടുതലുള്ളതും പ്രശ്നബാധിത പ്രദേശവുമാണ് ഈ സ്റ്റേഷൻ പരിധി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ടൂട്ടി സമയം കഴിഞ്ഞും ജോലി ചേയ്യേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
താമസിക്കാനായി പൊലീസ് ക്വാർട്ടേഴ്സ് വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോൾ നെയ്യാറ്റിൻകര പൊലീസ് ക്വാർട്ടേഴ്സ് മാത്രമാണ് ആശ്രയം. അവിടെയാകട്ടെ 38 അപേക്ഷകരുള്ളപ്പോൾ 17 പേർക്ക് മാത്രമാണ് ക്വാർട്ടേഴ്സ് ലഭിച്ചത്.