തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമെന്ന് സി.പി.ഐയുടെ വിലയിരുത്തൽ. നേരത്തേ ഇടതുമുന്നണി സ്ഥാനാർത്ഥിനിർണ്ണയം പൂർത്തിയാക്കിയതും മുന്നണി ഒറ്റക്കെട്ടായി പ്രചരണരംഗത്ത് നിൽക്കുന്നതും ആദ്യഘട്ടത്തിൽ മുന്നണിക്ക് മുൻതൂക്കം നൽകുന്ന ഘടകങ്ങളായെന്നാണ് വിലയിരുത്തൽ. ഇനിയങ്ങോട്ടും ഈ സ്ഥിതി നിലനിറുത്താനുള്ള പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാണ് ഇന്നലെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിലുണ്ടായ നിർദ്ദേശം.
യു.ഡി.എഫിൽ നിന്ന് ലോക്‌താന്ത്രിക് ജനതാദൾ ഉൾപ്പെടെ ഇടതുപക്ഷത്തേക്കെത്തിയത്, പത്ത് കക്ഷികളെ ഉൾപ്പെടുത്തിയുള്ള മുന്നണി വിപുലീകരണം എന്നിവ ഇടതുമുന്നണിയുടെ സംഘടനാബലം ഉയർത്തുന്ന ഘടകങ്ങളായെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥിനിർണ്ണയം വിവാദങ്ങളില്ലാതെ കുറ്റമറ്റ നിലയിൽ പൂർത്തിയാക്കാനായി. പൊതുവിൽ മികച്ച പ്രതികരണങ്ങളുമുണ്ടായി. യു.ഡി.എഫിലും എൻ.ഡി.എയിലും സ്ഥാനാർത്ഥിനിർണ്ണയത്തിലടക്കം തുടരുന്ന ആശയക്കുഴപ്പങ്ങളും ആദ്യഘട്ടത്തിൽ സാഹചര്യം അനുകൂലമാക്കുന്നുണ്ട്. എന്നാൽ മറ്റ് മുന്നണികൾ സ്ഥാനാർത്ഥിനിർണ്ണയം പൂർത്തിയാക്കി പ്രചരണഘട്ടത്തിലേക്ക് കടക്കുന്നതോടെ രംഗം ഒന്നുകൂടി ഉണരും. ഈ ഘട്ടത്തിൽ പഴുതടച്ചുള്ള പ്രചരണങ്ങളിലൂടെ മുന്നോട്ടുപോകണമെന്നാണ് നിർദ്ദേശം.