തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യു.എൻ.എ) കോടികളുടെ ക്രമക്കേട് നടന്നതായി പരാതി. സംഘടനയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണം അനധികൃതമായി പിൻവലിച്ചെന്നാണ് യു.എൻ.എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നഴ്സുമാരിൽ നിന്ന് പിരിച്ച മാസവരി ഉൾപ്പെടെ ഭീമമായ തുക ഭാരവാഹികൾ തട്ടിയെടുത്തെന്നും അതേപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
അംഗങ്ങളായ നഴ്സുമാരുടെ സംഭാവനകളും വരിസംഖ്യയും ഉപയോഗിച്ചാണ് സംഘടന പ്രവർത്തിക്കുന്നത്. തൃശൂരിലുൾപ്പടെ സംഘടനയുടെ നാല് ബാങ്ക് അക്കൗണ്ടുകളുണ്ട്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ തൃശൂരിലെ സ്വകാര്യ ബാങ്കിൽ മൂന്ന് കോടി 71 ലക്ഷം നിക്ഷേപിച്ചിരുന്നതായി രേഖകളിലുണ്ടെന്ന് പരാതിയിൽ പറയുന്നു. ഓഫീസ് വാടക ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി ഒരു കോടി നാൽപത് ലക്ഷം രൂപ ചെലവഴിച്ചതായി രേഖകളുണ്ട്. ബാക്കി രണ്ട് കോടി ഇരുപത് ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഡ്രൈവറടക്കം പിൻവലിച്ചിട്ടുണ്ട്. ഇതിന് രേഖകളില്ല. അക്കൗണ്ടിൽ ബാക്കി 8,55,000 രൂപ മാത്രമാണ്.
കൂടാതെ 2017 ഏപ്രിൽ മുതൽ അംഗത്വ ഫീസായി 68 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഈ തുക അക്കൗണ്ടുകളിൽ വന്നിട്ടില്ല. ഏകദേശം മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് രണ്ട് ദിവസം മുമ്പ് സംഘടനയിൽ നിന്ന് പുറത്താക്കിയതാണ് പരാതിക്കാരനെ. അതിന്റെ വൈരാഗ്യത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇതിനെതിരെ കേസ് നൽകും.
ജാസ്മിൻ ഷാ ,ദേശീയ പ്രസിഡന്റ്
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ