വിതുര: പഞ്ചായത്തിലെ തള്ളച്ചിറ,ആട്ടിൻകൂട് മേഖലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നു.
തള്ളച്ചിറ വാർഡിലെ അഞ്ഞൂറോളം കുടുംബങ്ങളാണ് വെളിച്ചത്തിനായി യാചിക്കുന്നത്. ഇവിടെ വെളിച്ചം അന്യമായിട്ട് മൂന്ന് മാസമായി. സന്ധ്യമയങ്ങിയാൽ ബൾബുകൾക്ക് നേരിയ മിനുക്കം മാത്രമാണുള്ളത്. ട്യൂബ് ലൈറ്റുകൾ പ്രകാശിക്കാറേയില്ല.ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ സ്റ്റെബിലൈസറിനെ ആശ്രയിക്കേണ്ട അവസ്ഥ.
വിദ്യാർത്ഥികൾക്ക് മണ്ണെണ്ണ വിളക്കാണ് ആശ്രയം. മിനുങ്ങുന്ന ബൾബുകൾക്കൊപ്പം മണ്ണെണ്ണ വിളക്കു കൂടി കത്തുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറി. ഇതെല്ലാമാണ് തള്ളച്ചിറ,ആട്ടിൻകൂട് മേഖല അനുഭവിക്കുന്ന പ്രശ്നങ്ങൾ.
വൈദ്യുതി വിതരണത്തിലെ വ്യതിയാനം നിമിത്തം ഇലക്ട്രിക് ഉപകരണങ്ങൾ കേടായെന്നും പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും പ്രദേശവാസികൾ പറയുന്നു.കറണ്ടില്ലെങ്കിലെന്താ ബിൽ മുടങ്ങാതെ ലഭിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് മാസത്തിനിടയിൽ അനവധി തവണ വൈദ്യുതിവകുപ്പിന് നിവേദനം നൽകിയിരുന്നു.
ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും ഒന്നും നടക്കാറില്ല.
ഇവിടെ ട്രാൻസ്ഫോമർ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരണം ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.
വോൾട്ടേജ് പ്രശ്നം ചൂണ്ടിക്കാട്ടി വിതുര ഇലക്ട്രിക് സിറ്റി ഒാഫീസിൽ പരാതി നൽകിയപ്പോൾ തള്ളച്ചിറയിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും സ്ഥാപിച്ചിട്ടില്ല.പരീക്ഷാകാലമായതിനാൽ വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടുകയാണ്.പഞ്ചായത്തിലെ പേപ്പാറയിൽ വൈദ്യുതി ഉത്പ്പാദനം തകൃതിയായി നടക്കുമ്പോഴാണ് തള്ളച്ചിറ നിവാസികൾ വെളിച്ചത്തിനായി കേഴുന്നത്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരെ മുഴുവൻ അണിനിരത്തി സമരം നടത്താനാണ് പഞ്ചായത്തിന്റെ നീക്കം.