waste

കാട്ടാക്കട: കാട്ടാക്കടയിലും പരിസരപ്രദേശങ്ങളിലും മാലിന്യ നിക്ഷേപം രൂക്ഷമായതോടെ സമീപവാസികൾ പൊറുതിമുട്ടുകയാണ്. ആദ്യം ആളൊഴിഞ്ഞ പ്രദേശങ്ങളിലും ഇടറോഡുകളുടെ വശങ്ങളിലും മാലിന്യം നിക്ഷേപിച്ചവർ ഇപ്പോൾ പൊതു സ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം നിക്ഷേപിക്കുകയാണ്. കാട്ടാക്കട ടൗൺ കേന്ദ്രീകരിച്ച് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രധാനറോഡുകളിലും ഇടറോഡുകളിലും മാലിന്യം നിക്ഷേപം കാണം. ഇതുവഴി സഞ്ചരിക്കുന്ന ജനങ്ങൾ ദുർഗന്ധംകാരണം മൂക്കുപൊത്തിയാണ് പോകുന്നത്. ചെറിയതോതിൽ വേനൽമഴ കൂടി പെയ്തതോടെ മാലിന്യകൂമ്പാരത്തിലെ അഴുക്ക്ഡവെള്ളം പ്രദേശം മുഴുവൻ നിരന്നു. ഇതും ദുർഗന്ധത്തിന്റെ ആക്കം കൂട്ടി.

മാലിന്യം കുന്നുകൂടിയതോടെ തെരുവുനായ്ക്കളും ഇവിടെ ഇടംപിടിച്ചിരിക്കുകയാണ്. കാക്കയും തെരുവുനായ്ക്കളും വലിച്ചിളക്കുന്നമാലിന്യം റോഡ് മുഴുവൻ ചിതറിക്കിടക്കുകയാണ്. അഴുകിയ പച്ചക്കറികൾ, അറവ് മാലിന്യങ്ങൾ, ബാർബർ ഷോപ്പുകളിൽ നിന്നും മുടികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് കൂടുതലായും ഇവിടെ വലിച്ചെറിയുന്നത്. വേസ്റ്റുകൾ കടിച്ചുവലിക്കുന്ന തെരുവ് നായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ മുന്നിൽ ചാടി അപകടം ഉണ്ടാക്കുന്നതും പതിവാണ്.

കാട്ടാക്കട പഞ്ചായത്തിൽ മാലിന്യനിക്ഷേപം രൂക്ഷമായതോടെ അത് പരിഹരിക്കാൻ പഞ്ചായത്ത് ഹരിതകർമ്മ സേനയേയും ഒരു വാഹനത്തെയും നിയോഗിച്ചത്. ആദ്യ നാളുകളിൽ ശക്തമായ പ്രവർത്തനം നടത്തിയ സേന പിന്നീട് പ്രവർത്തനം കുറ‌ഞ്ഞ് ഇപ്പോൾ കാണാൻ പോലുമില്ലെന്നാണ് ആക്ഷേപം. മാലിന്യം നീക്കം ചെയ്യുന്നിടത്തുതന്നെ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് കാരണമെന്നാണ് അധികൃതരുടെ പക്ഷം. എന്നാൽ മാലിന്യ നിക്ഷേപവും അനധികൃത നിക്ഷേവും തടയാനോ അനധികൃത നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും മാലിന്യ നിക്ഷേപത്തിന് കാരണമാകുന്നും പരാതിയുണ്ട്.

ജലശ്രോതസുകൾ,​ വായു,​ കൃഷി തുടങ്ങിയവയുടെ മലിനീകരണത്തെ നേരിടാനും കേരളത്തിന്റെ ഹരിത സമൃദ്ധി വീണ്ടെടുക്കാനും വേണ്ടി രൂപീകരിച്ചതാണ് ഹരിതകർമ്മസേന. ശുചിത്വ മാലിന്യ സംസ്കരണം,​ ജലവിഭവ സംരക്ഷണം,​ കാർഷികമേഖല വികസനം എന്നിവയ്ക്ക്ണ് ഹരിതകർമ്മസേന ഊന്നൽ നൽകുന്നത്. ശുചിത്വ മിഷനുമായി ചേർന്ന് ശുചിത്വമാലിന്യ സംസ്കരണം,​ ജലസേചന വകുപ്പുമായി ചേർന്ന് ജലസംരക്ഷണ പ്രവർത്തനം കൃഷിവകുപ്പുമായി ചേർന്ന് മികച്ച വിളവ് എന്നിവയാണ് ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ.