ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന് ഒരു പോറൽ പോലുമേൽക്കാതെ കുറ്റമറ്റ തിരഞ്ഞെടുപ്പിലൂടെ സാമൂഹ്യപ്രതിബദ്ധതയോടും ദീർഘവീക്ഷണത്തോടും കൂടി പ്രവർത്തിക്കാൻ കഴിവുള്ള സർക്കാർ രൂപീകരിക്കാനുള്ള ഏറ്റവും സൂക്ഷ്മവും സംശുദ്ധവുമായ ഉത്തരവാദിത്വമാണ് രാജ്യം ഈ നാട്ടിലെ പ്രായപൂർത്തി വോട്ടാവകാശമുള്ള ഓരോ പൗരനെയും ഏൽപ്പിക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കരുത്തും ഒത്തൊരുമയും യുക്തിബോധവും സ്വതന്ത്രചിന്തയും ദീർഘവീക്ഷണവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ട ഉത്തരവാദിത്വവും നമുക്ക് ഓരോരുത്തർക്കുമുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ജയിച്ചു വരുന്ന രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാർ ആയിരിക്കും അടുത്ത അഞ്ചു വർഷം ഇന്ത്യാ മഹാരാജ്യം സംരക്ഷിക്കേണ്ടത്. ഇവിടുത്തെ ജനങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജാതി മത ചിന്തകൾക്ക് അതീതമായി ഓരോ വ്യക്തിയുടെയും ജനനം മുതൽ മരണം വരെ ചേർത്ത് പിടിച്ചുകൊണ്ട് പോകാമെന്നുള്ള ഉറപ്പാണ് ഭരണാധികാരികൾക്ക് നാം നൽകുന്ന അവസരം. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത മനുഷ്യർക്ക് മാത്രമല്ല സർവചരാചരങ്ങളെയും അവയുടെ ആവാസവ്യവസ്ഥയനുസരിച്ച് സംരക്ഷിച്ചു കൊള്ളാമെന്നുള്ളതാണ് ഭരണാധികാരികൾ നമുക്ക് നൽകുന്ന ഉറപ്പ്.
ആ നിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സർക്കാർ രൂപീകരിക്കാനുള്ള നടപടിക്രമത്തിലെ ഏറ്റവും നിർണായകമായ തീരുമാനമെടുക്കാൻ ഓരോ പൗരനും കഴിയുക എന്നുള്ളതാണ് ജനാധിപത്യ നടപടിക്രമത്തിലെ അന്തഃസത്ത. അത്തരത്തിലൊരു ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കുമ്പോൾ അത് വളരെ ശ്രദ്ധാപൂർവം ആയിരിക്കണം എന്നുള്ളതിലാണ് നമ്മുടെ ഭാവി എന്നതാണ് വർത്തമാനകാല രാഷ്ട്രീയ തിരഞ്ഞെടുപ്പ്. വിവിധ രാഷ്ട്രീയ പാർട്ടികൾ കൂട്ടായും ഒറ്റയായും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഓരോ വ്യക്തിക്കും നാം നമ്മുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുമ്പോൾ ആ വ്യക്തിയെക്കുറിച്ചും ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടിയെക്കുറിച്ചും അവരുടെ നയങ്ങളും നിലപാടുകളും നാം പഠനവിധേയമാക്കണം. മുൻകാലങ്ങളിലെ അവരുടെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തണം.
കർമ്മശേഷിയും കാര്യശേഷിയും നമ്മെ സ്വാധീനിക്കണം. വോട്ടിംഗ് മെഷീന്റെ ബട്ടണിൽ അമർത്തുന്ന ഓരോ വിരലും വരുംതലമുറയുടെ കൂടി കരുതലാവണം. എട്ട് കോടിയിൽപ്പരം വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ കന്നി വോട്ട് ചെയ്യുന്നത്. ആ പുതുതലമുറയുടെ വിധിയെഴുത്താവും അടുത്ത സർക്കാരിനെ നിശ്ചയിക്കുന്നതിൽ നിർണായകമാവുന്നത്. അതുതന്നെ ഒരേസമയം പ്രതീക്ഷയും ആശങ്കയുമാണ്. യുവത്വത്തിന്റെ കരുത്താണ് ഒരു രാജ്യത്തിന്റെ ശക്തിയും സമ്പത്തും. അവരുടെ നൂതനമായ ആശയങ്ങൾ സമൂഹത്തെ അപ്ഡേറ്റ് ചെയ്യും. എന്നാൽ ആശങ്കയുളവാക്കുന്ന ചില കാര്യങ്ങളും ഇവിടെ പങ്കുവയ്ക്കാതിരിക്കാനാവില്ല. നവമാദ്ധ്യമങ്ങളുടെ സ്വാധീനം ചെറുതായൊന്നുമല്ല യുവത്വത്തെ സ്വാധീനിക്കുന്നത്. എന്നാൽ ഈ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അസത്യങ്ങളും അർത്ഥസത്യങ്ങളും കള്ളവും ധാരാളമായി പ്രചരിപ്പിക്കുന്നുണ്ട്.
ഓരോ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും എല്ലാം തന്നെ വിവിധ തരത്തിലുള്ള ആയുധങ്ങൾ നിറച്ച ഔദ്യോഗികവും അല്ലാത്തതുമായ നിരവധി ഫേസ് ബുക്ക് പേജുകളും അക്കൗണ്ടുകളും തുറന്ന് ഒരു യുദ്ധത്തിന് സജ്ജരായി നിൽക്കുന്നുണ്ട്. ഇവിടെയാണ് യുവത്വത്തിന്റെ തീരുമാനത്തിലുള്ള ആശങ്കയുള്ളത്. ഇന്ന് നമ്മുടെ യുവത്വം നവമാദ്ധ്യമങ്ങളുടെ പ്രചാരകരും ആരാധകരും ചെറിയ ഒരു ശതമാനമെങ്കിലും അടിമകളുമായും മാറിയിട്ടുണ്ട്. നവമാദ്ധ്യമങ്ങളിലെ നല്ലതിനെയും ചീത്തയേയും സത്യത്തേയും അസത്യത്തേയും ധർമ്മത്തേയും അധർമ്മത്തേയും തിരിച്ചറിയാനുള്ള ജാഗ്രതകൂടി യുവാക്കൾക്കുണ്ടാകണം. അപ്പോൾ മാത്രമേ ശരിയായ ജനാധിപത്യം സാക്ഷാത്കരിക്കയുള്ളൂ.
എല്ലാ രാജ്യങ്ങളും ഏറെ പ്രാധാന്യത്തോടും സൂക്ഷ്മതയോടും കൂടിയാണ് നമ്മുടെ രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഇവിടെ നിർഭയമായും, സ്വതന്ത്രാധികാരത്തോടും കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടേയും പൊതുസമൂഹത്തിന്റേയും കടമയാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യവും നീതിപൂർവവുമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങളോട് എല്ലാവരും സഹകരിക്കണം. അത് അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരുമാണ്. ഓരോ സ്ഥാനാർത്ഥിയും തങ്ങളുടെ പശ്ചാത്തലം പൊതുജനങ്ങളെ അറിയിക്കണമെന്നുള്ള നിർദ്ദേശം ജനാധിപത്യത്തിനു കൂടുതൽ കരുത്തു പകരുന്നതാണ്. അതുപോലെ തന്നെ സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും മാദ്ധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്നുള്ള നിബന്ധനയും ജനാധിപത്യത്തിലെ മുറിപ്പാടുകളുടെ എണ്ണം കുറയ്ക്കാൻ സഹായകരമാവും.
ഇത്രയും ഭാരിച്ച ഉത്തരവാദിത്വം ഓരോ സമ്മതിദായകനും ഏറ്റെടുക്കുമ്പോൾ നമ്മുടെ രാജ്യം ലോകത്തിനുമുന്നിൽ മാതൃകയാവും. നമ്മുടെ നാടിന്റെ ഭരണാധികാരം സുരക്ഷിതമായ കൈകളിലേയ്ക്ക് ഏല്പിക്കാൻ നമുക്ക് കൈകോർക്കാം. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം .... പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം.