തിരുവനന്തപുരം: ബാർകോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികൾ ഫയൽ ചെയ്തിരുന്നെങ്കിലും പ്രത്യേക വിജിലൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ ഹാജരായത് പുതുതായി കക്ഷി ചേർന്ന സി.പി.എെ പ്രതിനിധി പി.കെ. രാജു മാത്രം. ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, എൽ.ഡി.എഫ് കൺവീനർ, ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, നോബിൾ മാത്യൂ, മറ്റു പ്രമുഖ നേതാക്കൾ തുടങ്ങിയവരാരും കോടതിയിൽ ഉണ്ടായിരുന്നില്ല. മാണിയെ കുറ്റവിമുക്തനാക്കിയുളള വിജിലൻസിന്റെ നാലാം അന്തിമ റിപ്പോർട്ട് തള്ളി തുടർ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തുടരന്വേഷണത്തിന് പുതുതായി സർക്കാർ അനുമതി ആവശ്യമില്ലെന്ന് വിജിലൻസ് തന്നെ ഹെെക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുളള സാഹചര്യത്തിൽ ഇക്കാര്യം പ്രത്യേക വിജിലൻസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ പി.കെ. രാജുവിന് കഴിഞ്ഞില്ല.