കേരളത്തിലെ സാമൂഹിക ജീവിതത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ശ്രീനാരായണഗുരുവിന്റെ സാമൂഹ്യരംഗത്തെയും, സാംസ്കാരിക-സാഹിത്യ-വിദ്യാഭ്യാസ മേഖലകളിലെയും മഹത്തായ സംഭാവനകളെപ്പറ്റി പഠിക്കുന്നതിനും, ഗവേഷണം നടത്തുന്നതിനുമായി കേരള സർവകലാശാല ശ്രീനാരായണഗുരു അന്തർദേശീയ പഠന-ഗവേഷണ കേന്ദ്രം എന്ന പേരിൽ ഒരു സെന്റർ സ്ഥാപിച്ചിരിക്കുകയാണ്.
കേരളത്തിലെ എക്കാലത്തെയും സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണഗുരു. ഗുരുദേവൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ കേരള സാമൂഹ്യ സ്ഥിതിയെക്കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇപ്രകാരമാണ്: ''മലബാർ പ്രദേശത്ത് ഞാൻ കണ്ടതിനെക്കാൾ വഷളായ മറ്റെന്തെങ്കിലും ഈ ലോകത്തിലുണ്ടോ? പാവപ്പെട്ട പറയന് ഉയർന്ന ജാതിക്കാർ നടക്കുന്ന നിരത്തിലൂടെ നടക്കാൻ അനുവാദമില്ല. എന്നാൽ അവൻ തന്റെ പേര് വികൃതമായ ഒരു ഇംഗ്ലീഷ് പേരാക്കി മാറ്റിയാൽ എല്ലാം ശരിയാകും. മുസ്ലീം പേരാക്കി മാറ്റിയാലും കുഴപ്പം തീർന്നു. ഈ മലയാളികളൊക്കെ ഭ്രാന്തന്മാരാണെന്നും, അവരുടെ വീടുകളെല്ലാം ഭ്രാന്താലയമാണെന്നും തങ്ങളുടെ ഈ സ്വഭാവങ്ങൾ മാറ്റുകയും കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയും ചെയ്യുന്നതുവരെ അവർ ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങളാൽ പുച്ഛത്തോടു കൂടിയാണ് വീക്ഷിക്കപ്പെടുക എന്നുമല്ലാതെ മറ്റെന്ത് നിഗമനത്തിലാണ് നിങ്ങൾ എത്തിച്ചേരുക.''
വിവേകാനന്ദന്റെ വാക്കുകൾ അന്നത്തെ സാമൂഹ്യ ബീഭത്സതയുടെ ഒരു ചെറിയ പരിച്ഛേദം മാത്രമാണ്. ഇന്ന് ഇന്ത്യയിലാകെ വീശിയടിച്ചുകൊണ്ടിരിക്കുന്ന ദേശീയ നവോത്ഥാനത്തിന്റെ അലകൾ കേരളത്തിലും എത്തിയിരുന്നെങ്കിലും ഇവിടുത്തെ ജീർണമായ സാമൂഹ്യ ചുറ്റുപാടിൽ ആ പ്രസ്ഥാനത്തിന് ഒരുതരം മരവിപ്പാണ് അനുഭവപ്പെട്ടത്. ജാതികളും ഉപജാതികളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് ബദ്ധമായ ഒരു സാമൂഹ്യ അവസ്ഥയിൽ ദേശീയ പ്രസ്ഥാനത്തിന് എങ്ങനെ തഴച്ചു വളരാൻ കഴിയും ? ഈ ഭ്രാന്താലയത്തെ അന്ധവിശ്വാസത്തിനും അനീതിക്കും അസമത്വത്തിനും അടിമത്വത്തിനും എതിരെ പോരാടുന്ന ധീരൻമാരുടെ സമൂഹമാക്കി മാറ്റുക എന്നത് അന്നത്തെ ചരിത്രപരമായ ഒരു ആവശ്യമായിരുന്നു. ആ ചരിത്ര പശ്ചാത്തലത്തിലാണ് ശ്രീനാരായണഗുരുവിന്റെയും അദ്ദേഹത്തിന്റെ ദർശനത്തിന്റെയും പ്രസക്തി പ്രകാശമാനമാകുന്നത്.
തന്റെ ജീവിത കാലയളവിൽ ശ്രീനാരായണൻ വിശ്വഭിത്തിയിൽ കുറിച്ചിട്ട മഹാവചനത്തിന് മരണമില്ല. അതൊരു പുതിയ ദർശനമായിരുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉദ്ഘോഷണമായിരുന്നു. ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് '' എന്നു പ്രഖ്യാപിച്ച ഗുരുനാഥൻ ആ ഏകവചനം കൊണ്ട് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആഞ്ഞടിക്കുകയായിരുന്നു. മാത്രമല്ല മനുഷ്യനന്മയാണ് എല്ലാത്തിനും പരമവും പ്രധാനവുമായി സ്വാമി കണ്ടത്.
യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന്റെ ദർശനവും സാഹിത്യ-സാംസ്കാരിക-വിദ്യാഭ്യാസ ചിന്തകളും, ജീവിതവും പഠനവിഷയമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരള സർവകലാശാലയുടെ അന്താരാഷ്ട്ര ശ്രീനാരായണഗുരു പഠന ഗവേഷണ കേന്ദ്രം ഈ മഹത്തായ ചുമതലയാണ് നിർവഹിക്കുന്നത്.
ശ്രീനാരായണഗുരുവിന്റെ എല്ലാ മേഖലകളിലുമുള്ള സമഗ്ര സംഭാവനകൾ, ശ്രീനാരായണ ദർശനങ്ങളുടെ കാലിക പ്രസക്തി, ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകൾ, ശ്രീനാരായണഗുരുവും വിദ്യാഭ്യാസവും എന്നീ വിഷയങ്ങളിൽ ഗഹനമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയാണ് ഈ അന്താരാഷ്ട്ര പഠനകേന്ദ്രങ്ങളുടെ ലക്ഷ്യം. ഭാവിയിൽ വിപുലമായ പഠനകോഴ്സുകളും, ഗൗരവമായ ഗവേഷണ പദ്ധതികളും ആവിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരള സർവകലാശാലയുടെ ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഈ അദ്ധ്യയന വർഷം ആറ് കേന്ദ്രങ്ങളിൽ വച്ചാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. ശ്രീനാരായണഗുരു അന്ത്യവിശ്രമം കൊളളുന്ന വർക്കല ശിവഗിരിയിലെ ശ്രീനാരായണ കോളേജാണ് ഇതിൽ പ്രധാനപ്പെട്ട കേന്ദ്രം.
ശിവഗിരി എസ്.എൻ.കോളേജിലെ അന്തർദേശീയ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വരുന്ന നാളെ രാവിലെ 10 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഉദ്ഘാടന സമ്മേളത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ.ജി.സുഗുണൻ അധ്യക്ഷത വഹിക്കും. രണ്ടു ദിവസങ്ങളിലായി വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകളിലും, വർക്ഷോപ്പുകളിലും കേരള സർവകലാശാല പ്രോ-വൈസ് ചാൻസിലർ ഡോ. വി.പി.അജയകുമാർ, ഡോ.പി.പത്മറാവു, ഡോ.എം.എം.സിദ്ദിഖ്, ഡോ.ജയപ്രകാശ്, ഡോ.എൽ.തുളസീധരൻ, .വി.ജോയി എം.എൽ.എ, അജി.എസ്.ആർ.എം തുടങ്ങിയവർ പ്രസംഗിക്കും.
(ലേഖകൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമാണ്. ഫോൺ: 9847132428
Email: advgsugunan@gmail.com)