കിളിമാനൂർ: രണ്ട് വാർഡുകളിലൂടെ കടന്നു പോകുന്ന റോഡാണെങ്കിൽ റോഡ് വികസനം മുരടിക്കുമോ? മുരടിക്കും എന്നാണ് കുടിയേല -പേഴുംകുന്ന് നിവാസികളുടെ അഭിപ്രായം. നിലവിലെ രണ്ട് വാർഡ് മെമ്പർമാരുടെ പടലപിണക്കമാണ് റോഡ് വികസനത്തിന് തടസമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംസ്ഥാന പാതയിൽ നിന്ന് ആരംഭിക്കുന്ന കുടിയേല -പേഴുംകുന്ന് റോഡ് തകർന്ന് കാൽ നടയാത്രക്കാർക്കു പോലും നടക്കാൻ കഴിയാതെയായിട്ട് വർഷങ്ങളായി. മാറി മാറി വാർഡുമെമ്പർമാരും, പ്രസിഡന്റുമാരും ഒക്കെ വന്നിട്ടും റോഡിന്റെ അവസ്ഥ ശോചനീയമായി തുടരുന്നു. കാൽനടയാത്ര പോലും അസഹനീയമായതോടെ ജനകീയപ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. പുളിമാത്ത് പഞ്ചായത്തിലെ രണ്ട് വാർഡുകളിലൂടെ കടന്നുപോകുന്ന കുടിയേല ജംഗ്ഷനിൽ നിന്നുള്ള പേഴുംകുന്ന് ഗ്രാമീണ റോഡിന്റെ അവസ്ഥ ഏറെ ദുരിതപൂർണമാണ്. പലയിടത്തും നൂൽ വണ്ണത്തിലാണ് ടാർ നിലവിലുള്ളത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുരിതത്തിലാണ്. പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾ പോലും ഓട്ടം വിളിച്ചാൽ വരാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ട് വർഷം മുമ്പ് മെയിന്റൻസ് നടത്തിയ റോഡിൽ പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നൂറു കണക്കിന് കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നുണ്ട്. അടിയന്തരമായി റോഡ് ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.