തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചിരിക്കുന്ന ഫോട്ടോയുള്ള സർക്കാർ പരസ്യം കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് നീക്കാൻ എല്ലാവർക്കും മടി. ഒരുകോടിരൂപ ചെലവഴിച്ച് അയ്യായിരം ബസുകളിലാണ് പരസ്യം പതിച്ചത്. പരസ്യങ്ങൾ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനാണ് ആവശ്യപ്പെട്ടത്

പരസ്യം ഇറക്കിയ പി.ആർ.ഡി അല്ലേ നീക്കേണ്ടത് എന്ന് ഗതാഗത വകുപ്പിന് സംശയം. എന്നാൽ പരസ്യം ഇറക്കുന്നതു മാത്രമാണ് തങ്ങളുടെ ചുമതലയെന്ന് പി.ആർ.ഡിയും വ്യക്തമാക്കി.

സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടാണ് 'ഒന്നാണ് നാം ഒന്നാമതാണ് കേരളം' എന്ന പരസ്യം ബസുകളിൽ പതിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ പരസ്യം മാറ്റിയാൽ ഒരു കോടി രൂപ സർക്കാരിന് നഷ്ടമാവും. അതുകൊണ്ടാണ് അവ നീക്കാതിരിക്കാനുള്ള വഴികൾ സർക്കാർ തേടിയത്. പക്ഷെ, നീക്കിയേ പറ്റൂ എന്ന് ഗതാഗത സെക്രട്ടറിയേയും ട്രാൻസ്പോർട്ട് കമ്മിഷണറേയും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു കഴിഞ്ഞു. തുടർന്ന് ചില ജില്ലകളിൽ സബ്‌കളക്ടർമാർ ഡിപ്പോ അധികാരികൾക്ക് ഉത്തരവും നൽകി. എന്നിട്ടും പരസ്യം മാറ്റാതായപ്പോൾ പ്രതിപക്ഷ പ്രവർത്തകർ ചില സ്ഥലങ്ങളിൽ ബസിലെ പരസ്യം വലിച്ചു കീറി.

മാനേജ്മെന്റിന്റെ പ്രശ്നം രണ്ടാണ്. ഇടതു യൂണിയനുകൾ പോസ്റ്റർ നീക്കുന്നതിനെ അനുകൂലിക്കുന്നില്ല. രണ്ട് ആരെ കീറാൻ നിയോഗിക്കും എന്നുള്ളതാണ്. ഡ്രൈവറോടും കണ്ടക്ടറോടും പറഞ്ഞാൽ ഡ്യൂട്ടി അല്ലേന്ന് പറഞ്ഞൊഴിയും. മിനിസ്റ്റീരിയൽ സ്റ്റാഫും ഇതേ കാരണം പറയും.

 ലോക്കൽ ബസിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പർ ഫാസ്റ്റിനും 2,700രൂപയും നിരക്ക്.

മാർച്ച് 10ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നു. പരസ്യങ്ങൾ നീക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശിച്ചു.