congress-political-commit

തിരുവനന്തപുരം: സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ കേരള കോൺഗ്രസിലുടലെടുത്ത മാണി- ജോസഫ് പോരും എസ്.ഡി.പി.ഐ- മുസ്ലിംലീഗ് ചർച്ചയും സൃഷ്ടിച്ച വിവാദങ്ങളിൽ സംസ്ഥാന കോൺഗ്രസിനകത്ത് അതൃപ്തി പുകയുന്നു. ദേശീയ, സംസ്ഥാനതലങ്ങളിൽ പാർട്ടിക്കും മുന്നണിക്കും നിർണായകമായ തിരഞ്ഞെടുപ്പിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രത നേതൃത്വങ്ങളിലുണ്ടാകണമായിരുന്നുവെന്ന അഭിപ്രായം മുതിർന്ന നേതാക്കളിലടക്കമുണ്ട്. സീറ്റ് വിഭജന ചർച്ചയടക്കം നീട്ടിക്കൊണ്ടുപോയി അലംഭാവം കാട്ടിയതാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയതെന്നും ഇവർ വിലയിരുത്തുന്നു. മാണിയിലെ ചേരിതിരിവോടെ കെട്ടുറപ്പുള്ള യു.ഡി.എഫ് എന്ന സങ്കല്പത്തിന് ഉടവ് തട്ടിയെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

നേതൃത്വം കാണിച്ച അലംഭാവത്തിന് വൈകിയ വേളയിൽ കോൺഗ്രസിന്റെ സീറ്റ് മറ്റൊരാൾക്ക് ദാനം ചെയ്താൽ പരിഹാരമാവില്ലെന്നാണ് ഇവരുടെ മുന്നറിയിപ്പ്. പി.ജെ. ജോസഫിനെ ഇടുക്കിയിൽ യു.ഡി.എഫ് പൊതുസ്വതന്ത്രനാക്കി അവതരിപ്പിക്കാനുള്ള നീക്കത്തെ ഇവരും ശക്തിയായി എതിർക്കുന്നു. ഹൈക്കമാൻഡിനും സീറ്റ് അങ്ങനെ കൈമാറാൻ താല്പര്യമില്ലാതെ പോയതോടെയാണ് പ്രതീക്ഷ വച്ചുപുലർത്തിയ ജോസഫിന് ഹതാശനാവേണ്ടി വന്നിരിക്കുന്നത്. തുടക്കത്തിലേ ഘടകകക്ഷികളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി കൊണ്ടുപോയിരുന്നെങ്കിൽ കുഴപ്പമുണ്ടാകില്ലായിരുന്നെന്ന് ഇവർ വിലയിരുത്തുന്നു. മാണി ഗ്രൂപ്പ് കഴിഞ്ഞതവണയും ഒരു സീറ്റ് ആവശ്യപ്പെട്ടപ്പോൾ ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങൾ നേരാംവണ്ണം ബോദ്ധ്യപ്പെടുത്തിയാണ് പരിഹരിച്ചത്. ഇത്തവണ ഉഭയകക്ഷിചർച്ച തന്നെ പലതവണ മാറ്റിവച്ചത് അതിന്റെ ഗൗരവം ചോർത്തി. ജോസഫിന് ആശ നൽകാൻ കോൺഗ്രസ് വഴിയൊരുക്കിയെന്ന അമർഷം മാണിഗ്രൂപ്പിലും ശക്തം. പുതിയ സംഭവവികാസങ്ങളോടെ മാണിഗ്രൂപ്പും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിലും അവിശ്വാസത്തിന്റെ നിഴൽ വീണുവെന്ന തോന്നലുയരുന്നു.

എസ്.ഡി.പി.ഐയുമായി ലീഗ് നേതാക്കൾ രഹസ്യചർച്ച നടത്തിയത് ഇടതുപക്ഷം രാഷ്ട്രീയായുധമാക്കിയതോടെ ലീഗ്, യു.ഡി.എഫ് നേതൃത്വങ്ങൾ പ്രതിരോധത്തിലായി.

ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിനിർണയം പൂർത്തിയായാലുടൻ ശക്തമായി മുന്നിട്ടിറങ്ങണമെന്നാണ് കോൺഗ്രസിൽ വലിയ വിഭാഗത്തിന്റെ നിലപാട്.