ചിറയിൻകീഴ്: കുവൈറ്റിൽ ട്രാവൽ ഏജൻസിയുടെ തടങ്കലിലായിരുന്ന യുവതിക്ക് മോചനം. ചിറയിൻകീഴ് വടക്കേ അരയതുരുത്തി ഗ്രേസ് ലാൻഡിൽ അനു (32) വിനെയാണ് ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ സമയോചിതമായ ഇടപെടൽ വഴി നാട്ടിലെത്തിച്ചത്.
ജനുവരിയിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി വഴിയാണ് അനു വനിത ടെയ്ലർ ജോലിക്കായി കുവൈറ്റിൽ പോയത്. എന്നാൽ നിയോഗിച്ചത് വീട്ടുജോലിക്കും. ജോലിക്കിടെ കാലിൽ ഡെസ്ക് വീണ് പരിക്കുപറ്റി. കടുത്ത വേദന കാരണം ജോലിചെയ്യാൻ സാധിക്കാതെ വന്നതോടെ സ്പോൺസർ അനുവിനെ ട്രാവൽ ഏജൻസിക്ക് കൈമാറി. തുടർന്ന് അനു നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് വകവയ്ക്കാതെ മറ്റൊരു വീട്ടിൽ ജോലിക്കയച്ചു. അവിടെയും കാലിലെ വേദന പ്രശ്നമായി. ഈ വീടുകളിൽ നിന്നു മതിയായ ഭക്ഷണവും ലഭിച്ചിരുന്നില്ല.
തുടർന്ന് ട്രാവൽസിലെത്തിയ അനു വീണ്ടും നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ട്രാവൽസുകാർ 11 ദിവസത്തോളം മുറിക്കകത്ത് പൂട്ടിയിടുകയും 2 ലക്ഷം രൂപ ആവശ്യപ്പെട്ട് പാസ്പോർട്ടും മറ്റ് അനുബന്ധ രേഖകളും തടഞ്ഞു വയ്ക്കുകയും ചെയ്തു. വീട്ടുതടങ്കലിലാണെന്ന് ഭർത്താവ് പ്രിൻസിന് അനു വോയ്സ് മെസേജ് അയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ ഡെപ്യൂട്ടി സ്പീക്കർ വി.ശശി വഴി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരെ അറിയിക്കുകയും മോചനം സാദ്ധ്യമാക്കുകയുമായിരുന്നു. മത്സ്യത്തൊഴിലാളിയാണ് ഭർത്താവായ പ്രിൻസ്. ലോൺ എടുത്ത് നിർമിച്ച വീടിന്റെ കടം തീർക്കാനാണ് അനു വിദേശത്ത് പോയത്. അശ്വൻ, ഷാൽബിൻ, ആഷ്ലിൻ എന്നിവർ മക്കളാണ്.