images

കാട്ടാക്കട: സിസേറിയൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ആദിവാസി വീട്ടമ്മയ്ക്ക് വനം വകുപ്പ് ബോട്ട് നൽകിയില്ല. യുവതിയെയും കുഞ്ഞിനേയും ബന്ധുക്കൾ എട്ടു കിലോമീറ്റർ ദുർഘട പാതയിലൂടെ വാഹനത്തിലും തുടർന്ന് ചാക്കുകെട്ടിൽ ചുമന്നും വീട്ടിൽ എത്തിക്കുകയായിരുന്നു. ബോട്ടിനായി വിളിച്ച താത്കാലിക ജീവക്കാരെ പിരിച്ചുവിട്ടതായും പരാതിയുണ്ട്.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. മായം തെന്മല സെറ്റിൽമെന്റിലെ കണ്ണാമാംമൂട്, കിഴക്കുംകര പുത്തൻ വീട്ടിൽ ശ്രീകുമാർ - വസന്ത കാണിക്കാരി ദമ്പതികൾക്കാണ് നെയ്യാർഡാമിലെ ഫോറസ്റ്റ് അധികൃതരിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് പരാതി. എസ്.എ.ടിയിൽ സിസേറിയൻ കഴിഞ്ഞ് ഇവരെ വീട്ടിൽ എത്തിക്കാനാണ് ബന്ധുക്കൾ ആറാം തീയതി റെയിഞ്ച് ഓഫീസറെ ബന്ധപ്പെട്ടത്. ബോട്ടുകൾ അറ്റകുറ്റ പണിക്കായി കയറ്റിയതിനാൽ നല്കാനാകില്ലന്ന് അറിയിച്ചു. ഇ.ഡി.സി പ്രസിഡന്റ് രണ്ടു ബോട്ടുകൾ നീറ്റിൽ ഉണ്ടെന്ന് മനസിലാക്കി ബന്ധുക്കൾ ബോട്ടിന്റെ വാടക നൽകാമെന്ന് അറിയിച്ചു കൊണ്ട് വീണ്ടും ബന്ധപ്പെട്ടുവെങ്കിലും നിലപാടിൽ മാറ്റം ഉണ്ടായില്ല.

ബോട്ടിനായുള്ള ആവശ്യം നടക്കാതായതോടെ ബന്ധുക്കൾ യുവതിയെയും കുഞ്ഞിനേയും ഏഴാം തീയതി മായം വഴിയുള്ള ദുർഘട പാതയിലൂടെ വാഹനത്തിൽ കടവ് വരെ എത്തിച്ചു. തുടർന്ന് വള്ളത്തിൽ പുരവിമല കടവിൽ ഇറക്കി ഇവിടെ നിന്ന് ചാക്കിൽ കെട്ടി ചുമടായി അഞ്ചു കിലോമീറ്ററോളം നടന്ന് സെറ്റിൽ മെന്റിൽ എത്തിക്കുകയായിരുന്നു. ബോട്ട് വിട്ടു നൽകിയിരുന്നുവെങ്കിൽ നെയ്യാർ ഡാമിൽ നിന്ന് വസന്തയുടെ വീടിന് 200 മീറ്റർ അടുത്തുവരെ ബോട്ടിൽ എത്താമായിരുന്നു .

നെയ്യാർ ഡാം

ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ വിശദീകരണം

ബോട്ട് ആവശ്യപ്പെട്ട് ചിലർ വിളിച്ചിരുന്നു. ബോട്ട് കേടുപാടുകൾ ഉള്ളതിനാൽ അറ്റകുറ്റ പണിക്കായി കയറ്റിയിരിക്കുകയാണ്. നിലവിൽ ബോട്ടുകൾക്ക് ഫിറ്റ്നസ് സർടിഫിക്കറ്റ് ഇൻഷ്വറൻസ് ഉൾപ്പടെയില്ല. ഇതുകാരണം യാത്രക്കാരെ കയറ്റുവാൻ തടസ്സമാണ്. കൂടാതെ ഇത്രയും സീരിയസ് ആയ ആളെ ആശുപത്രിയിൽ നിന്ന് ഉൾവനത്തിലേക്ക് കൊണ്ടുവന്നാൽ അത്യാഹിതമുണ്ടായാൽ തിരികെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രയാസം നേരിടും. അതിനാൽ ആശുപത്രിയിൽ കുറച്ചു ദിവസം കൂടെ തുടരുന്നതല്ലേ നല്ലതെന്നുമാണ് വിളിച്ചവരോട് പറഞ്ഞത്. ബോട്ട് വിഷയവുമായി ബന്ധപ്പെട്ട് ആരെയും പിരിച്ചുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.