തിരുവനന്തപുരം: മാണിഗ്രൂപ്പിൽ ഇടഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫിനെ അനുനയിപ്പിക്കാൻ ഇടുക്കിയിൽ മുന്നണിയുടെ പൊതുസ്വതന്ത്രനാക്കാമെന്ന നിർദ്ദേശം നേതൃതല ചർച്ചകളിൽ ഉയർന്നുവന്നെങ്കിലും നാടകീയനീക്കങ്ങളിലൂടെ അതും അട്ടിമറിക്കപ്പെട്ടതോടെ ജോസഫിന് മുന്നിൽ ഇനിയുള്ള വഴിയെന്തെന്ന ചോദ്യം ബാക്കിയായി. ഇന്ന് വൈകിട്ടോടെ ജോസഫ് നിലപാട് പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
കോഴിക്കോട്ടെ നേതൃതല ചർച്ചകളിൽ സജീവമായ കരുനീക്കങ്ങൾ അവസാനിച്ചത് രാത്രിയോടെ രാഹുൽഗാന്ധിയുടെ മനസറിഞ്ഞ ശേഷമായിരുന്നു. അതിന് മുമ്പ് ഉന്നത നേതാക്കൾ നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ കേരള കോൺഗ്രസ്-എം വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിനെ അങ്ങനെ പൊതുസ്വതന്ത്രനാക്കാൻ പറ്റില്ലെന്ന് കെ.എം. മാണി നിലപാടെടുത്തു. എം.എൽ.എ സ്ഥാനമൊഴിഞ്ഞ് കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചാൽ വിരോധമില്ലെന്നായിരുന്നു നിലപാട്. അല്ലെങ്കിൽ പാർട്ടിക്ക് രണ്ടാം സീറ്റായി ഇടുക്കി കിട്ടണം. കേരളത്തിലെ തന്നെ ചില ഉന്നത കോൺഗ്രസ് നേതാക്കളും ഇതിൽ ചരടുവലികൾ നടത്തിയതായി സൂചനയുണ്ട്. മാണി ഗ്രൂപ്പിന് രണ്ടാം സീറ്റ് വരുമ്പോൾ ലീഗിനും മൂന്നാം സീറ്റ് കിട്ടിയില്ലെങ്കിൽ ക്ഷീണമാകുമെന്ന് മനസിലാക്കിയ ലീഗ് നേതൃത്വവും 'നിഷ്പക്ഷ' നിലപാടിലേക്ക് ഉൾവലിഞ്ഞു.
ഇതോടെയാണ് യു.ഡി.എഫിന്റെ പൊതുസ്വതന്ത്രനായി എത്താമെന്ന പി.ജെ. ജോസഫിന്റെ പ്രതീക്ഷ അസ്തമിച്ചത്. ഹൈക്കമാൻഡിന്റെ മനസറിഞ്ഞാണ് ഇന്നലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഡൽഹിയിൽ വാർത്താലേഖകരെ കണ്ട് ജോസഫിന് സീറ്റ് നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.