k-surendran

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ സ്ഥാനാർത്ഥിപ്പട്ടിക ഇന്നുണ്ടായേക്കും. അന്തിമ ചർച്ചകൾക്കായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും ഇന്ന് ഡൽഹിക്ക് തിരിക്കും. പത്തനംതിട്ട സീറ്റിനെ ചൊല്ലി തർക്കമുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന് ശ്രീധരൻപിള്ള അനൗപചാരിക ചർച്ചകളിൽ വ്യക്തമാക്കിയ സ്ഥിതിക്ക് കെ. സുരേന്ദ്രൻ സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചനയുണ്ട്. പത്തനംതിട്ടയിൽ തയ്യാറാക്കിയ സാദ്ധ്യതാപാനലിൽ ആദ്യ പേര് ശ്രീധരൻപിള്ളയുടേതാണ്. രണ്ടാമത് എം.ടി. രമേശും മൂന്നാമത് സുരേന്ദ്രനുമാണിവിടെ.

മേഖലകൾ തിരിച്ച് നടത്തിയ അഭിപ്രായ രൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരുകൾ വീതം ഉൾപ്പെടുത്തി സംസ്ഥാനത്ത് തയ്യാറാക്കിയ സാദ്ധ്യതാപാനലുകളുടെ അടിസ്ഥാനത്തിലാവും ഡൽഹി ചർച്ചയിൽ അന്തിമതീരുമാനമുണ്ടാവുക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായിട്ടുണ്ട്. ആറ്റിങ്ങലിൽ പി.കെ. കൃഷ്ണദാസിന്റെയും അഡ്വ.ജെ.ആർ. പത്മകുമാറിന്റെയും പേരുകൾ സാദ്ധ്യതാപട്ടികയിലുണ്ട്. കൊല്ലം- ശ്യാംകുമാർ, സുരേഷ്ഗോപി, ആനന്ദബോസ്, മാവേലിക്കര- പി. സുധീർ, പി.എം. വേലായുധൻ, രാജി പ്രസാദ്, പത്തനംതിട്ട- പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ആലപ്പുഴ- സോമൻ, വെള്ളിയാംകുളം പരമേശ്വരൻ, എറണാകുളം- എ.എൻ. രാധാകൃഷ്ണൻ, ചാലക്കുടി- എ.എൻ. രാധാകൃഷ്ണൻ, ബി. ഗോപാലകൃഷ്ണൻ, തൃശൂർ- കെ. സുരേന്ദ്രൻ, കോഴിക്കോട്- എം.ടി. രമേശ്, വടകര- വി.കെ. സജീവൻ, കണ്ണൂർ- സി.കെ. പത്മനാഭൻ, പാലക്കാട്- ശോഭ സുരേന്ദ്രൻ, കൃഷ്ണകുമാർ, കാസർകോട്- സി. ശ്രീകാന്ത് തുടങ്ങിയ പേരുകൾ സാദ്ധ്യതാപട്ടികയിലുണ്ട്.