karamana

തിരുവനന്തപുരം: കരമന തളിയലിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രണം ചെയ്തതിനും കൊല നടപ്പാക്കിയതിനും നേതൃത്വം നൽകിയത് പ്രതികളായ മൂന്ന് സഹോദരങ്ങൾ. കൈമനം സ്വദേശികളും ഇപ്പോൾ പാപ്പനംകോട് താമസിക്കുകയും ചെയ്യുന്ന വിഷ്ണുരാജ്, വിനിഷ് രാജ്, വിജയരാജ് എന്നിവരാണ് അനന്തു ഗിരീഷിന്റെ കൊലയ്ക്കു പിന്നിലെ മുഖ്യ ആസൂത്രകർ.


ഇളയ സഹോദരനായ വിജയരാജിനാണ് അനന്തുവുമായി ശത്രുതയുണ്ടായിരുന്നത്. പഠിക്കുന്ന കാലത്ത് തന്നെ അനന്തുവും വിജയരാജും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കൊഞ്ചിറവിള ഉത്സവത്തിന് ആദ്യ ദിവസവും വിളക്കുകെട്ട് ദിവസവും ഇവർ തമ്മിൽ അടിപിടിയുണ്ടായി. ഈ ഏറ്റുമുട്ടലിൽ വിജയരാജിന് പരിക്കേറ്റിരുന്നു. ഇതാണ് ശത്രുത വർദ്ധിപ്പിച്ചത്.


മദ്യവും ലഹരിമരുന്നും ഉപയോഗിച്ചുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് പ്രതികാരം ചെയ്യണമെന്ന ചർച്ച കൂട്ടുകാർക്കിടയിൽ വന്നത്. അനന്തുവിനെ എങ്ങനെ സ്ഥലത്ത് എത്തിക്കണമെന്നും കൊല നടത്തണമെന്നും ഇവർ ചർച്ച ചെയ്തു. അനന്തു ഇടയ്ക്ക് തളിയൽ അരശുംമൂട്ടിൽ എത്താറുണ്ടെന്ന വിവരം മനസിലാക്കിയ വിഷ്ണുവാണ് അനന്തു അരശുംമൂട് ഭാഗത്ത് വരുമെന്ന വിവരം കൂട്ടുകാരോട് പറഞ്ഞതും സ്ഥലത്ത് പോയതും. തളിയലിലെത്തി സ്ഥലം നിരീക്ഷിക്കുകയും അനന്തു വരുന്ന സമയം മനസിലാക്കി റോഡരികിൽ കാത്തുനിൽക്കുകയുമാണ് ചെയ്തത്. റോഡരികിലെ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അനന്തുവിനെ കൈകാട്ടി ബൈക്കിനടുത്തേക്ക് വിളിക്കുകയും മർദ്ദിച്ച് ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തു. ബൈക്കിൽ രണ്ടുപേർക്ക് നടുവിൽ ഇരുത്തിയാണ് അടിയേറ്റു ബോധരഹിതനായ അനന്തുവിനെ നീറമൺകരയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത്.


തുടർന്ന് ക്രൂരമായി പീഡിപ്പിച്ചതിന് നേതൃത്വം നൽകിയത് വിഷ്ണുവായിരുന്നു. അനന്തുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയതും മാംസം ചെത്തിമാറ്റിയതും ഈ സഹോദരങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഈ വിവരം പ്രതികൾ സമ്മതിക്കുകയും ചെയ്തു.
കൈമനത്തിന് സമീപത്തെ ബണ്ട് കേന്ദ്രീകരിച്ചാണ് ഈ സംഘങ്ങളുടെ പ്രവർത്തനം. മൂന്ന് സഹോദരങ്ങളും നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വിജയരാജ് നിരവധി ആക്രമണകേസുകളിലും പ്രതിയാണ്. എന്നാൽ ഇയാൾ മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേസുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു.

തെളിവെടുപ്പ് നടത്തി; കുറ്റം സമ്മതിച്ച് പ്രതികൾ

സംഭവത്തിൽ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത ഏഴു പ്രതികളെയും ഇന്നലെ വൈകിട്ട് നീറമൺകരയിലെ കുറ്റിക്കാട്ടിൽ സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആദ്യം അറസ്റ്റിലായ അഞ്ച് പേരുടേതുപോലെ ഇവരും ആദ്യ ചോദ്യം ചെയ്യലിൽ തന്നെ കുറ്റസമ്മതം നടത്തി. കൊലയ്ക്ക് പിന്നിൽ അനന്തുവിനോടുളള പൂർവ വൈരാഗ്യമാണെന്നും വിജയരാജിനെ പലതവണ അനന്തു മർദ്ദിച്ചതിനു പകരം ചോദിക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.

കൊല നടത്തിയ വിധം എങ്ങനെയെന്ന് പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു. തേങ്ങകൊണ്ട് അടിച്ചതായും മർദ്ദനത്തിന് തുടക്കമിട്ടത് താനാണെന്നും വിഷ്ണുരാജ് പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ഓരോരുത്തരും മർദ്ദിച്ച വിധവും പറഞ്ഞു.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ വിഷ്ണുരാജ്, സഹോദരങ്ങളായ വിനീഷ് രാജ്, കുഞ്ഞുവാവയെന്ന വിജയരാജ്, സംഘത്തിലെ മറ്റംഗങ്ങളായ ഹരിലാലെന്ന നന്ദു, കുടപ്പനെന്ന അനീഷ്, അപ്പുവെന്ന അഖിൽ, ശരത് എന്നിവരെയാണ് ഇന്നലെ വൈകിട്ട് തെളിവെടുപ്പിനായി കൊണ്ടുവന്നത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു, റാംകാർത്തിക് എന്നിവരെ വ്യാഴാഴ്ച പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.