shyam
കൊല്ലപ്പെട്ട ശ്യാം എന്ന മണിക്കുട്ടൻ

തിരുവനന്തപുരം: ശ്രീവരാഹത്ത് ലഹരിമാഫിയയുടെ ഏറ്റുമുട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നഗരത്തിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പടിഞ്ഞാറേക്കോട്ട ശ്രീവരാഹം പുന്നപുരം സ്വദേശി ശിവരാജന്റെയും ശാലിനിയുടെയും മകൻ ശ്യാം എന്ന മണിക്കുട്ടൻ (28) കുത്തേറ്രു മരിച്ച സംഭവത്തിലെ ഒന്നാം പ്രതി ശ്രീവരാഹം സ്വദേശി അർജുനാണ് സംഭവ ദിവസം പുലർച്ചെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. രണ്ട് പ്രതികളെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . അ‌ർജുനന്റെ കൂട്ടാളികളായ ശ്രീവരാഹം മാർത്താണ്ഡംകുഴി വീട്ടിൽ രാധാകൃഷ്ണന്റെ മകൻ മനോജ് കൃഷ്ണൻ, രാധാകൃഷ്ണന്റെ സഹോദരൻ രാജശേഖരന്റെ മകൻ രജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

അർജുന് വേണ്ടി വിവിധ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുംബയിൽ ജോലി ചെയ്തിരുന്ന അർജുൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇയാൾ മുംബയിലേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .ഇയാളെ പിന്തുടർന്നെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ചാണ് രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുത്തരിക്കണ്ടം മൈതാനം വഴി ചാലയിലെ ലോറി പാർക്കിംഗ് ഏരിയയിൽ എത്തിയ പൊലീസിനെ വെട്ടിച്ച് വീണ്ടും അർജുൻ കടന്നുകള‌ഞ്ഞു. പുലരും വരെ പൊലീസ് നഗരം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. കുത്തിയവരും കുത്തേറ്റവരും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് അർജുൻ ശ്യാമിനെ കുത്തിയത്. കുത്തേറ്റ ശ്യാമിന്റെ സുഹൃത്തുക്കളായ വിമൽ (ചിക്കു) , ഉണ്ണിക്കണ്ണൻ എന്നിവർ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.