തിരുവനന്തപുരം : രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വഴക്ക് തീർത്ത് തിരികെ നടക്കുമ്പോൾ വാരിയെല്ല് തുളച്ചുകയറിയ കുത്താണ് ശ്രീവരാഹം പുന്നപുരം സ്വദേശി ശിവരാജന്റെയും ശാലിനിയുടെയും മകൻ ശ്യാം എന്ന മണിക്കുട്ടന്റെ ജീവനെടുത്തത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ശ്രീവരാഹത്തെത്തിയ ശ്യാം സുഹൃത്തുക്കളായ വിമൽ (ചിക്കു) , ഉണ്ണിക്കണ്ണൻ എന്നിവരുമായി സംസാരിച്ചു നിൽക്കവെയാണ് സമീപത്തെ കുളത്തിന് തൊട്ടടുത്തായി രണ്ടു മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വഴക്കും ആക്രോശവും കേട്ടത്. തുടർന്ന് മൂവരുമായി വഴക്ക് നടക്കുന്ന സ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപെട്ടു. സംസാരിച്ച ശേഷം തിരിഞ്ഞു നടക്കുമ്പോഴാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി അർജുൻ പിറകിൽ നിന്ന് ശ്യാമിന്റെ വാരിയെല്ലിന് താഴെ കുത്തിയത്. കുത്തേറ്റ് വീണ ശ്യാമിനെ പിടിച്ചെഴുന്നേല്പിക്കാനുള്ള ശ്രമത്തിനിടെ ഉണ്ണിക്കണ്ണനെയും അർജുൻ കുത്തുകയായിരുന്നു. തുടർന്ന് വിമലിനെയും കുത്തി. രക്തം വാർന്നു കിടന്ന മൂവരെയും പത്തുമിനിട്ടിനകം ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്ന ശ്യാം മരണപ്പെടുകയായിരുന്നു. വയറിന് താഴെ കുത്തേറ്റ് ശ്വാസതടസം ഉണ്ടായ ഉണ്ണിക്കണ്ണനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഉണ്ണിക്കണ്ണനും വിമലും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്യാമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ശ്യാം വിവാഹിതനാണ്. ഒരു മകനുമുണ്ട്.