കഴക്കൂട്ടം: ലഹരി ഗുണ്ടാമാഫിയകളെ അമർച്ച ചെയ്യുന്നതിന് ഡി.സി.പി ആർ.ആദിത്യയുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ച മുതൽ കഴക്കൂട്ടമടക്കം ജില്ലയിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ വാഹന പരിശോധന നടത്തി. മൂന്ന് ദിവസത്തിനിടെ തിരുവനന്തപുരത്ത് രണ്ട് കൊലപാതകങ്ങളും ആക്രമണ പരമ്പരകളും നടന്ന സാഹര്യത്തിൽ ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
അന്തർ സംസ്ഥാന ലോറികളും ബസുകളും തടഞ്ഞ് നിറുത്തി അരിച്ചുപെറുക്കിയായിരുന്നു പരിശോധന. അതുപോലെ സംശയമുള്ള ടൂവീലർ അടക്കമുള്ള വാഹനങ്ങളും പരിശോധിച്ചാണ് വിട്ടത്. ഹെൽമറ്റ് വയ്ക്കാത്തതും രേഖകളില്ലാത്തതുമായ നൂറുകണക്കിന് വാഹനങ്ങളും പരിശോധനയിൽ കുടുങ്ങി. അതേസമയം പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഡ്വാഗ് സ്ക്വാഡും നർക്കോട്ടിക് സെല്ലും ഉന്നത ഉദ്യോസ്ഥരടങ്ങുന്ന വൻ പൊലീസ് സംഘവും പുലർച്ചെ അഞ്ചുമണിന് റോഡിലിറങ്ങിയപ്പോൾ വാഹനയാത്രക്കാരും പരിസരവാസികളും ആദ്യമൊന്ന്
ഞെട്ടി. രാവിലെ പ്രാവച്ചമ്പലത്താണ് ആദ്യ പരിശോധന നടന്നത്. പിന്നീട് വൻ പൊലീസ് സംഘത്തോടെയാണ് പലയിടത്തും ഒരേസമയം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കഴക്കൂട്ടം എ.സി.പി വിദ്യാധരൻ പറഞ്ഞു.