newsland

ഒക്‌ലൻഡ്: ന്യൂസിലൻഡിലെ രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയുണ്ടായ ഭീകരരുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യാക്കാരനുമുണ്ടെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഇന്ത്യൻ വംശജരെ കാണാതായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർക്ക് പരിക്കേറ്റു. മറ്റ് ആറുപേരെ കുറിച്ച് വിവരമില്ല. കാണാതായവരിൽ ഒരു മലയാളിയുമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ ഒരാൾ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസലൻഡിൽ ഹോട്ടൽ വ്യവസായം നടത്തുന്ന ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിൽ റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽനിന്നുള്ള ഒരാൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. എന്നാൽ ഈ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു ഭീകരാക്രമണം നടന്നത്. ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായും 20ഓളം പേർക്ക് പരിക്കേറ്റതായും ന്യൂസിലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരൻ ബ്രന്റൺ ടറന്റാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുൾപ്പെടെ നാല് പേരെ ന്യൂസിലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മധ്യ ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിൻവുഡിലെ രണ്ടാമത്തെ പള്ളിയിൽ ആക്രമണം ഉണ്ടായത്. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി ബ്രന്റൺ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ഒരു തോക്കിന്റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച കാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.