ഔസേപ്പച്ചനും കരിങ്ങോഴയ്ക്കൽ മാണി മാണിയും ചങ്ക് ബ്രോസ് ആണ്. രണ്ട് ദേഹവും ഒറ്റ മനസും. 'നീയൊന്നെന്നെ ചേട്ടാന്ന് വിളിച്ചെടാ" എന്ന് കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ നായകൻ ചോദിക്കുമ്പോലെയൊക്കെ മാണിസാർ മനസിലേ പറയാറുള്ളൂ. സാറേ, സാറേ സാമ്പാറേ എന്ന് മനസിൽ നൂറുവട്ടം വിളിച്ചാണ് ഔസേപ്പച്ചൻ ആ മനസിനെ തൃപ്തിപ്പെടുത്താറ്.
ചങ്ക് ബ്രോ ആണെങ്കിലും ഔസേപ്പച്ചന് ചിലപ്പോൾ ആകാശമെടുത്ത് അമ്മാനമാടണമെന്ന മോഹം മനസിലുദിക്കാറുണ്ട്. ആ ഘട്ടത്തിലാണ് മറ്റേ ചങ്ക്ബ്രോ ജീവിതത്തിനും മരണത്തിനുമിടയിൽ എന്ന നാടകരചനയിലേക്ക് കടക്കുന്നത്. രണ്ടും രണ്ട് വഴിക്ക് ചിന്തിക്കുന്ന ഘട്ടത്തിൽ ഔസേപ്പച്ചൻ പിണങ്ങും. 1987ൽ മൂവാറ്റുപുഴ ലോകസഭാ സീറ്റ് എന്ന ആകാശകുസുമത്തെ ഔസേപ്പച്ചൻ മോഹിച്ചതും മാണിസാർ പതിവ് നാടകരചനയിലേക്ക് നീങ്ങിയതും കാരണം ഔസേപ്പച്ചൻ പിണങ്ങിയിറങ്ങി. അതേപ്പിന്നെ ഔസേപ്പച്ചന് പാർപ്പ് കുറേക്കാലം ഇടതുമുന്നണിക്കകത്തായിരുന്നു. അതിനും മുമ്പ് 80ൽ മാണി ഇടതിലേക്ക് കണ്ണെറിഞ്ഞപ്പോഴും ഔസേപ്പച്ചൻ പിണങ്ങിയതാണ്. മാണിക്കണ്ണ് വലത്തേക്ക് തിരിഞ്ഞപ്പോൾ അത് മാറി.
2011ൽ ചങ്ക്ബ്രോ മാണിക്ക് ഔസേപ്പച്ചനെയോർത്ത് ചങ്ക് പിടഞ്ഞു. ഔസേപ്പച്ചന്റെ ഉള്ളവും അതേ മട്ടിൽ പിടയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഔസേപ്പച്ചൻ പിന്നെയും മാണിബ്രോക്കൊപ്പം പാർപ്പ് മാറ്റിയത്. കാലം മാറവേ ഔസേപ്പച്ചന് പിന്നെയും മോഹമുദിച്ചു. ലോകസഭയിലൊന്ന് കാല് കുത്തണം. ചന്ദ്രനിൽ കാല് കുത്തണമെന്ന മോഹം മാണിസാർ സഫലമാക്കിക്കൊടുത്തെന്ന് വരും. പക്ഷേ, ലോകസഭ. അത് പറ്റില്ല. അങ്ങനെയൊരു അന്തരാളഘട്ടത്തിൽ നിൽക്കുന്ന ഔസേപ്പച്ചന്റെ കളി ഇനി കാണാനിരിക്കുന്നതേയുള്ളൂ. ഇക്കണ്ടതൊന്നും കഥയല്ല മന്നവാ!
സുവർണാവസരം പിള്ളച്ചേട്ടന് വെട്ടൊന്ന് മുറി രണ്ട് എന്നതാണ് ശീലം. ശബരിമല നൈഷ്ഠികബ്രഹ്മചാരി ശാസ്താവ് നല്ലപോലെ കടാക്ഷിച്ചോളുമെന്ന സോപാധിക ഉറപ്പ് തന്ത്രിയദ്ദേഹം കാലേകൂട്ടി തന്നുവെന്ന് നാലാൾ കേൾക്കേ സുവർണാവസരം വിളിച്ചുപറഞ്ഞത്, ആ മനസിൽ ഒന്നും മറച്ചുവച്ച് ശീലമില്ലാത്തത് കൊണ്ടായിരുന്നു. പിള്ള മനസിൽ അല്ലെങ്കിലും കള്ളം ലവലേശമില്ല.
അമിത് ഷാജിയണ്ണനോ ന.മോ.ജിയോ മനസിലൊന്ന് നിരൂപിച്ചാൽ അത് മാനത്ത് കണ്ടറിഞ്ഞ് പെരുമാറുന്നതാണ് പണ്ട് തൊട്ടേ സുവർണാവസരം ചേട്ടന്റെ ശീലം. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പ്രമാണത്തിൽ വിശ്വസിക്കുന്നത് കൊണ്ട് ആരും, എന്തിന് നമ്മുടെ ശബരിമല സ്വാതന്ത്ര്യസമര സേനാനി കെ.സുരേന്ദ്രൻജി പോലും അത് തിരുത്തിക്കാൻ മെനക്കെട്ടിട്ടില്ല.
അമിത് ഷാജിയണ്ണന്റെ വിദഗ്ദ്ധമായ ഓപ്പറേഷൻ ലോട്ടസിലൂടെ തെക്ക് നിന്നെത്തിയൊരു വടക്കനെ താമരയാക്കി മാറ്റിയ കഥ സുവർണാവസരം പിള്ളച്ചേട്ടനെ കുറച്ചൊന്നുമല്ല ആഹ്ലാദം കൊള്ളിച്ചത്. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നും പറഞ്ഞ് പിള്ളച്ചേട്ടൻ തുള്ളിച്ചാടിയതായിരുന്നു. നിങ്ങളെന്നെ താമരയാക്കി എന്ന് വടക്കൻജി പറയുന്നത് കേട്ടപ്പോൾ ആ വാക്കുകളിൽ എവിടെയോ ഒരു മലയാളത്തിന്റെ ചുവ തോന്നുന്നല്ലോ എന്ന് പിള്ളച്ചേട്ടൻ ചിന്തിക്കാതിരുന്നില്ല. മലയാള ഭാഷയെ ടെലിവിഷനിലിങ്ങനെ അമ്മാനമാടാൻ ശേഷിയുള്ള ആരുണ്ടീ ഭൂമുഖത്ത്, വടക്കനല്ലാതെ എന്നോർത്തപ്പോഴാണ്, വടക്കനെങ്കിൽ വടക്കനെന്ന് വിചാരിച്ച് പിള്ളച്ചേട്ടൻ അതിനെയും നാലാള് കേൾക്കെ സ്വാഗതം ചെയ്തത്.
വടക്കൻജി വഴി വേറെ പല കൈപ്പത്തികളെയും താമരയാക്കി മാറ്റണമെന്ന് അമിത് ഷാജിയണ്ണൻ മനസിൽ കണ്ടുവെന്ന് സുവർണാവസരം ചേട്ടൻ മണത്തറിഞ്ഞ മാത്രയിൽ, കൊച്ചി പഴയ കൊച്ചിയല്ലെന്ന ബോധോദയം അദ്ദേഹത്തിലുണ്ടായി.
തിരുവനന്തപുരത്തെ യു.എൻ കൈപ്പത്തിയായ ശശി തരൂരദ്ദേഹത്തിന്റെ ഇളയമ്മ ശോഭനച്ചേച്ചി പണ്ടേക്ക് പണ്ടേ താമരയായതാണെന്നാണ് പറയുന്നത്. അതു പറഞ്ഞാൽ പറ്റില്ലല്ലോ. നിങ്ങളെന്നെ താമരയാക്കി എന്ന് ശോഭനച്ചേച്ചി പിള്ളച്ചേട്ടനെ നോക്കി നാലാളുടെ മുന്നിൽ വിളിച്ചുപറഞ്ഞാലല്ലേ അതിനൊരു ഗമയും പത്രാസുമൊക്കെ വരൂ. സർവോപരി ശശിയണ്ണനൊന്ന് ഇരുന്ന് പോവുകയുമാവും. അങ്ങനെയാണ് പിള്ളച്ചേട്ടൻ കൊച്ചിയിൽ യോഗം വിളിച്ചുകൂട്ടിയത്. ശോഭനച്ചേച്ചി വന്നതും പിള്ളച്ചേട്ടന്റെ തിരഞ്ഞെടുപ്പ് സ്പെഷ്യൽ മെഗാ ഡിസ്കൗണ്ട് ഓഫർ സ്വീകരിച്ച് താമരചിഹ്നം പതിപ്പിച്ച രശീത് കൈപ്പറ്റിയതും ഗംഭീരമായിരുന്നു. പക്ഷേ ഞാൻ പണ്ടേ താമരയാണല്ലോ എന്ന ശോഭനച്ചേച്ചിയുടെ പറച്ചിൽ പാകിസ്ഥാനിൽ ന.മോ.ജി നടത്തിയ സർജിക്കൽ സ്ട്രൈക്ക് പോലെയായിപ്പോയി. സാരമില്ല, പിള്ളച്ചേട്ടന് ഇനിയും ഇതുപോലുള്ള സുവർണാവസരങ്ങൾ കൈവന്നുകൊണ്ടേയിരിക്കുമല്ലോ.
വടക്കൻജി മീശ വയ്ക്കാൻ തീരുമാനിച്ചപ്പോഴേ ചിലതെല്ലാം സംഭവിക്കുമെന്ന് കരുതിയിരുന്നതാണ്. അതിപ്പോ ഇങ്ങനെയായിപ്പോയെന്ന് സമാധാനിക്കുക. നിങ്ങളെന്നെ താമരയാക്കി എന്ന് വടക്കൻജി വടക്കൻജിയുടേതായ 'മലയാല"ത്തിൽ പറഞ്ഞപ്പോൾ, വടക്കനോ അതാര് എന്ന ചെന്നിത്തലഗാന്ധിയുടെ ചോദ്യം ക്രൂരമായിപ്പോയി!
മീശയില്ലാത്ത വടക്കൻജിയെ നമ്പർ ടെൻ ജൻപഥിൽ ചെന്നിത്തലഗാന്ധി ഒരുപാട് കണ്ടിട്ടുണ്ട്. മീശവച്ച വടക്കൻജിയെ കാണുന്നത് ഇതാദ്യമാണ്. എന്നുവച്ച് ഇങ്ങനെയൊക്കെ പറയാമോ?
നമ്പർ ടെൻ ജനപഥിൽ കുടിപ്പാർക്കെ മീശ പാടില്ലായിരുന്നു. അവിടെ രാഹുൽമോനൊപ്പം നിന്ന് ഫോട്ടോ പിടിക്കുമ്പോൾ കുടുംബത്തിലൊരാളെന്ന് തോന്നിപ്പിക്കണമല്ലോ. പക്ഷേ അമിത് അണ്ണന്റെയടുക്കലേക്ക് പോകുമ്പോൾ അതല്ല സ്ഥിതി. അവിടെ രാജ്യസ്നേഹം കലശലായിരിക്കണം. അതിന് മീശ മസ്റ്റാണ്. താടി കൂടിയായാൽ ഡബിൾ ഓകെ. ഒരു മീശയിലെന്തിരിക്കുന്നു എന്ന ചോദ്യം കേട്ടിട്ടും അതിലാണെല്ലാം ഇരിക്കുന്നത് എന്ന് ടോംവടക്കൻജി ഉറപ്പിച്ചത് അതുകൊണ്ടായിരുന്നു. ഇനി പാർപ്പ് മീശമാധവൻമാരുടെ കൂടെയാണെങ്കിലും വടക്കൻജിയോട് ഒരപേക്ഷയുണ്ട്. രാത്രികാലങ്ങളിൽ ടെലിവിഷൻചാനലിൽ വരാതിരിക്കരുത്. വടക്കൻജിയുടെ 'മലയാലം"ഉപ്പില്ലാത്ത കഞ്ഞി പോലെയായത് കൊണ്ടാണ് ഈ അപേക്ഷ. അതിനാൽ അംഗീകരിക്കുമാറാകണം. പ്രിയങ്കഗാന്ധിക്ക് പകരം ന.മോ.ജിയെ പുകഴ്ത്തുന്ന വടക്കൻജിയെ കാണാതിരിക്കാനാവില്ല.
ഇ-മെയിൽ: dronar.keralakaumudi@gmail.com