ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് നടക്കാൻ പോവുക. അതുകഴിഞ്ഞ് കുളിക്കുക. പിന്നെ വൈകുന്നേരത്തെ ആഹാരം കഴിക്കുക. അതുകഴിഞ്ഞ് അല്പമൊന്നു കിടക്കുക. ഏഴ് മണിക്ക് പ്രാർത്ഥനയ്ക്കും ക്ളാസിനും പോവുക. ഇതാണ് വൈകുന്നേരത്തെ എന്റെ ദിനചര്യ.
ഇന്നലെ വൈകുന്നേരം കുളി കഴിഞ്ഞു വന്നപ്പോഴുണ്ട് കുറച്ചു സ്ത്രീകൾ വെളിയിൽ വന്ന് ഇരിക്കുന്നു. വിദേശികളാണ്. അവർക്കെന്നെ കാണണം. എന്റെ ആഹാരം കൊണ്ടുവച്ചിരിക്കുന്നു. എന്തു ചെയ്യുമെന്ന് ഞാൻ ആലോചിച്ചു. ഏതായാലും അവരെ പറഞ്ഞു വിട്ടിട്ട് ആഹാരം കഴിക്കാൻ തീരുമാനിച്ചു.
പന്ത്രണ്ടു പേരോളമുള്ളതുകൊണ്ട് അവരെ മുറിയ്ക്കുള്ളിൽ ഇരുത്താൻ ഇടമില്ല. ഞാൻ വെളിയിലെ പ്രാർത്ഥനാഹാളിലേക്ക് ചെന്നു. അവരൊക്കെയെണീറ്റ് ഇന്ത്യൻ രീതിയിൽ കൈകൂപ്പി നിന്നു. ഞാൻ ചോദിച്ചു.
''നിങ്ങളൊക്കെ എവിടെനിന്നാണ്?"
''റഷ്യയിൽ നിന്ന്."
''ഇംഗ്ളീഷ് അറിയാമോ?"
''ഒരാളിനറിയാം."
''എന്താണ് വരവിന്റെ ഉദ്ദേശ്യം?"
''ഞങ്ങൾക്ക് ബോധോദയം വേണം. അതിനുള്ള ഉപദേശം തേടി വന്നതാണ് "
ഞാനാകെ കുഴങ്ങി. ഇതിനെങ്ങനെ ഉത്തരം പറയും! രമണ മഹർഷിയുടെ സംഭാഷണങ്ങൾ വായിച്ചിട്ടുണ്ട്. മഹർഷിയോട് ഈ ചോദ്യം ചോദിച്ചാൽ ഉടനെ അദ്ദേഹം ചോദിക്കും,
''ആർക്കാണ് ബോധോദയം വേണ്ടത്!" 'എനിക്ക് " എന്നായിരിക്കും മറുപടി. ഉടനെ മഹർഷി പറയും, ''അന്ത ആസാമിയെ പാര്." എന്നു പറഞ്ഞാൽ, ചോദ്യം ചോദിക്കുന്ന ആസാമി ആരാണെന്ന് സ്വയം കണ്ടെത്തുക. അതുതന്നെ ബോധോദയം."
ഞാൻ ഇവരോട് അങ്ങനെയൊന്നും പറഞ്ഞില്ല. പൊടുന്നനവേ ഉണ്ടാക്കിത്തരാൻ സാധിക്കുന്ന ഒന്നല്ലല്ലോ ബോധോദയം എന്നു മാത്രം പറഞ്ഞു. തുടർന്നു ഞാൻ പറഞ്ഞു,
''എനിക്ക് അല്പം അസൗകര്യമുള്ള സമയമാണ്. ആഹാരം കഴിച്ച് വിശ്രമിച്ചതിനു ശേഷം ഏഴ് മണിക്കുള്ള ക്ളാസിൽ എനിക്കു വരേണ്ടിയിരിക്കുന്നു. "
''ക്ളാസ് മലയാളത്തിലോ ഇംഗ്ളീഷിലോ?"
''സാധാരണഗതിയിൽ മലയാളത്തിലാണ്. മലയാളികളല്ലാത്തവർ ഉള്ളപ്പോൾ ഇംഗ്ളീഷിലും ഉണ്ടാവും."
''ഞങ്ങൾക്കു പങ്കെടുക്കാമോ?"
''ആകാമല്ലോ."
അവരോടു യാത്ര പറഞ്ഞ് ഞാൻ ആഹാരം കഴിക്കാൻ പോയി. ഏഴ് മണിക്കുള്ള ക്ളാസിൽ അവരെയൊട്ടു കണ്ടതുമില്ല.
ഇങ്ങനെയൊക്കെയായിത്തീർന്നിരിക്കുന്നു ആധുനികകാലത്തു ബോധോദയത്തിനു വേണ്ടിയുള്ള നെട്ടോട്ടം! 'ഇൻസ്റ്റന്റ് കോഫി" എന്നു പറയുന്നതുപോലെ 'ഇൻസ്റ്റൻഡ് " ബോധോദയം!"